ബോളിവുഡ് സിനിമകള്‍ക്ക് മാത്രമല്ല ഇന്ന് വിദേശ മാര്‍ക്കറ്റുകളില്‍ സ്വാധീനമുള്ളത്. തമിഴ്, തെലുങ്ക് സിനിമകളൊക്കെ ഇന്ന് ലോകം മുഴുവനുമാണ് റിലീസ് ചെയ്യപ്പെടുന്നത്. പക്ഷേ ആ ചിത്രങ്ങളുടെ പ്രേക്ഷകരില്‍ തദ്ദേശീയര്‍ തുലോം കുറവായിരിക്കുമെന്ന് മാത്രം. പൊങ്കല്‍ റിലീസുകളായി തീയേറ്ററുകളിലെത്തിയ രജനീകാന്ത് ചിത്രം പേട്ടയും അജിത്ത് ചിത്രം വിശ്വാസവും ലോകമാകമാനം മുപ്പതിലേറെ രാജ്യങ്ങളിലാണ് റിലീസ് ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടില്‍ കളക്ഷനില്‍ ഒരുപടി മുന്നില്‍ വിശ്വാസം ആയിരുന്നെങ്കില്‍ തമിഴ്‌നാടിന് പുറത്ത് ഇന്ത്യയിലും വിദേശ മാര്‍ക്കറ്റുകളിലും രജനി പ്രഭാവം തന്നെയായിരുന്നു ബോക്‌സ്ഓഫീസ് കണക്കുകളില്‍ പ്രതിഫലിച്ചത്.

ഇന്ത്യയ്ക്ക് പുറത്തുള്ള മാര്‍ക്കറ്റുകളില്‍ രജനീകാന്തിനുള്ള സ്വാധീനം ചൂണ്ടിക്കാണിക്കാന്‍ ട്രേഡ് അനലിസ്റ്റുകള്‍ ഉദാഹരിച്ചത് പേട്ടയുടെ യുഎസ് ഓപണിംഗ് കളക്ഷന്‍ ആയിരുന്നു. പ്രീ-റിലീസ് പ്രീമിയര്‍ പ്രദര്‍ശനങ്ങളും ആദ്യ രണ്ട് ദിനങ്ങളിലെ ഷോകളും ചേര്‍ത്ത് ഒരു മില്യണിലേറെ ഡോളര്‍ കളക്ഷന്‍ നേടിയിരുന്നു രജനി ചിത്രം. യഥാര്‍ഥ സംഖ്യ പറഞ്ഞാല്‍ 7.67 കോടി ഇന്ത്യന്‍ രൂപ. (ഓപണിംഗ് കളക്ഷന്‍ മാത്രമാണ്, ദിവസങ്ങള്‍ക്ക് ശേഷവും ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നത്.)

യുഎസില്‍ മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംനേടുന്ന രജനീകാന്തിന്റെ ഏഴാമത്തെ രജനി ചിത്രമാണ് പേട്ട. എന്നാല്‍ ഈ ക്ലബ്ബില്‍ ഏറ്റവുമധികം ചിത്രങ്ങളുള്ള തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനിയല്ല. അത് തെലുങ്കില്‍ നിന്ന് മഹേഷ് ബാബുവാണ്. മഹേഷ് ബാബുവിന്റെ എട്ട് സിനിമകളാണ് യുഎസ് ബോക്‌സ്ഓഫീസിലെ മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളത്, അവസാനമെത്തിയ ഭാരത് അനെ നേനു അടക്കം.