Asianet News MalayalamAsianet News Malayalam

എംടിയെ കണ്ടു; രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍

എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റും. കേസ് നിയമയുദ്ധമായി മാറില്ല. ചിത്രം എപ്പോൾ തിരശീലയിൽ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു

sreekumar menon visits mt vasudevannair
Author
Kozhikode, First Published Oct 15, 2018, 6:31 AM IST

കോഴിക്കോട്:  ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. ചിത്രം അകാരണമായി വെെകുന്നതില്‍ പ്രതിഷേധിച്ച് തിരക്കഥ തിരിച്ചുവാങ്ങുകയും നിമയനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത് രചയിതാവ് എം.ടി. വാസുദേവന്‍ നായരെ ഇന്നലെ രാത്രി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി സംവിധായകന്‍ ശ്രീകുമാർ മേനോൻ സന്ദര്‍ശിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ശുഭാപ്തി വിശ്വാസമാണ് ശ്രീകുമാര്‍ മേനോന്‍ പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു. ഇതിന് ശേഷം കൂടിക്കാഴ്ച്ച സൗഹാർദ്ദപരമെന്നാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വിശേഷിപ്പിച്ചത്. എംടിയോട് ക്ഷമ ചോദിച്ചു. എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റും.

കേസ് നിയമയുദ്ധമായി മാറില്ല. ചിത്രം എപ്പോൾ തിരശീലയിൽ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാൻ ചിലർ ശ്രമിച്ചു. അത്തരക്കാർ സമയം പാഴാക്കുകയാണ്.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. അതിന് താന്‍ ക്ഷമ ചോദിച്ചു. ഒടിയന്‍റെ കാര്യങ്ങളും വിശേഷണങ്ങളും പങ്കുവെച്ചു. പ്രോജക്ടിലെ ഇതുവരെയുള്ള മുന്നോട്ട് പോക്കിനെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചു. ഈ പ്രശ്നം ഒരു നിയമയുദ്ധത്തിലേക്ക് പോകില്ലെന്നാണ് വിശ്വസിക്കുന്നത്.

ഇതെല്ലാം ഭംഗിയായി ഉടനെ തീരും. 2020 അവസാനം രണ്ടാമൂഴത്തിന്‍റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനുമാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ശ്രീകുമാര്‍ മോനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത്‌ വന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുൻസിഫ് കോടതിയിൽ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കി.  

അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍‌കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ്‌ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios