പതിനാറ് പേരുമായി തുടങ്ങിയ ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മത്സരത്തോടൊപ്പം തന്നെ സൗഹൃദക്കാഴ്‍ചകളും. ഏഴ് പേരു മാത്രമായി ബിഗ് ബോസ് തുടരുമ്പോള്‍ ഇത്തവണ ക്ഷമ ചോദിക്കലിന്റെ ദിവസമായിരുന്നു. എന്തെങ്കിലും തെറ്റ് ചെയ്‍തിട്ടുണ്ടെങ്കില്‍ അരിസ്റ്റോ സുരേഷിന്റെ മുന്നില്‍ ക്ഷമചോദിക്കാനായിരുന്നു അവതാരകനായ മോഹൻലാലിന്റെ നിര്‍ദ്ദേശം. എല്ലാവരോടും സൗഹാര്‍ദ്ദപരമായിട്ടായിരുന്നു അരിസ്റ്റോ സുരേഷിന്റെ ഇടപെടലും.

പേളിയെ കരയിപ്പിച്ചതിലായിരുന്നു ശ്രീനിഷിന്റെ കുറ്റബോധം. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് ശ്രീനിഷ് പറ‍ഞ്ഞു. എന്നാല്‍ അതിലും വിഷമിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അരിസ്റ്റോ സുരേഷിന്റെ മറുപടി. പ്രണയത്തില്‍ അതൊക്കെ ഉണ്ടാകും. പരസ്‍പരം ക്ഷമിക്കുകയാണ് വേണ്ടതെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.  താൻ എന്നും വിളിച്ചതിനും വെള്ളം കോരിയൊഴിച്ചതിനും ക്ഷമിക്കണമെന്നായിരുന്നു ഷിയാസ് പറഞ്ഞത്. കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു അരിസ്റ്റോ സുരേഷ് ചെയ്‍തത്.  ഷിയാസിനെ മണ്ടനെന്നും കോഴിയെന്നും വിളിച്ചതിന് എന്താണ് പ്രതിവിധി എന്നായിരുന്നു പേര്‍ളിയും ചോദ്യം. ഷിയാസിനോട് തന്നെ ക്ഷമ ചോദിക്കാനായിരുന്നു അരിസ്റ്റോ സുരേഷിന്റെ നിര്‍ദ്ദേശം. ഷിയാസ് ക്ഷമിച്ചെന്ന് പറയുകയും ചെയ്‍തു. ഓരോരുത്തരും കുറ്റങ്ങള്‍ ഏറ്റുപറഞ്ഞതിന് ഒടുവില്‍ അരിസ്റ്റോ സുരേഷും തനിക്ക് പറ്റിയ പിഴവുകള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്‍ചയിലെ വിശേഷങ്ങള്‍ ചോദിച്ചായിരുന്നു പതിവുപോലെ മോഹൻലാല്‍ ഇത്തവണയും ബിഗ് ബോസ് തുടങ്ങിയത്. കഴിഞ്ഞ ആഴ്ച സിനിമ കാണിച്ചതിന് ഒരു നന്ദി പോലും ആരും പറഞ്ഞില്ലെന്ന് മോഹൻലാല്‍ പരിഭവിച്ചു. അര്‍ച്ചന മാത്രമാണ് നന്ദി പറഞ്ഞതെന്നും അതുകൊണ്ട് തനിക്ക് തരാനുള്ള പോയന്റ് തിരികെ തരണമെന്നും മോഹൻലാല്‍ ആവശ്യപ്പെടുകയും ചെയ്‍തു.