സി. വി. സിനിയ

'മിനുങ്ങും മിന്നാമിനുങ്ങേ, 'എന്നോ  ഞാനെന്‍റെ മുറ്റത്ത്'  എന്നീ പാട്ടുകള്‍ക്കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കൊച്ചുഗായികയാണ് ശ്രേയ ജയദീപ്. 12 വയസ്സിനിടെ 42   സിനിമാ ഗാനങ്ങള്‍ ഈ കൊച്ചുമിടുക്കി ആലപിച്ചു കഴിഞ്ഞു.  ശ്രേയ പാടുന്ന പാട്ടുകളൊക്കെ കേള്‍വിക്കാരുടെ മനസ്സ് പിടിച്ച് കുലുക്കും. പാടിയ പാട്ടുകളൊക്കെ മുന്‍നിര സംഗീത സംവിധായകരോടൊപ്പം തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആദ്യ കേൾവിയിൽ തന്നെ മനസിലേക്ക് ചാഞ്ഞിറങ്ങുന്ന വരികളെ അത്രമേൽ ഭാവാർദ്രമായാണ് ശ്രേയ പാടുന്നത്. സംഗീതത്തെ സ്‌നേഹിക്കുന്ന ഏവരുടെയും ഹൃദയതാളമായി മാറിയിരിക്കുന്ന ശ്രേയയുടെ പിറന്നാളാണ്  ഇന്ന്( നവംബര്‍ അഞ്ച്).പിറന്നാള്‍ ദിനത്തില്‍ തന്‍റെ പാട്ടിന്‍റെ വഴികളെ കുറിച്ച് ശ്രേയ ജയദീപ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു...

എന്‍റെ അമ്മൂമ്മ നന്നായി പാടും. ആ കഴിവ് തന്നെയാണ് തനിക്ക് കിട്ടിയത്- ശ്രേയ പറയുന്നു. മാത്രമല്ല അച്ഛന്‍റെ കുടുംബം സംഗീതവുമായി ബന്ധമുള്ളവരാണ്. അതിലൂടെയൊക്കെയാണ് തനിക്ക് ഈ കഴിവ് ലഭിച്ചത്.

 

2013ല്‍ നടന്ന ഒരു ചാനലിന്‍റെ റിലാറ്റിഷോയിലൂടെയാണ് ശ്രേയ പാട്ടിലേക്ക് കടന്നു വരുന്നത്. ആ റിയാലിറ്റി ഷോയില്‍ വിജയിയായാണ് ശ്രേയ പാട്ടിന്‍റെ ലോകത്ത് കാലുകള്‍ ഉറപ്പിച്ചത്. തുടര്‍ന്ന് പങ്കെടുത്ത് റിയാലിറ്റി ഷോയ്ക്കും ശ്രേയ വിജയം കരസ്ഥമാക്കി. പിന്നീടങ്ങോട്ട് പാട്ടുകളുടെ ലോകത്ത് തന്നെയാണ് ഈ മിടുക്കി. 2005ല്‍ അമര്‍ അക്ബര്‍ ആന്‍റണി എന്ന ചിത്രത്തില്‍ 'എന്നോ ഞാനെന്‍റെ മുറ്റത്തെ ' എന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറിയതോടെ ശ്രേയയെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി.  ആ പാട്ടിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയിരുന്നു.   

 

പാട്ടിന്‍റെ  കാര്യത്തില്‍ വീട്ടിലെ എല്ലാവരും നല്ല സപ്പോര്‍ട്ട് ആണ്. സ്‌കൂളിലെ അധ്യാപകരും സുഹൃത്തുക്കളുമെല്ലാം നന്നായി സഹായിക്കാറുണ്ടെന്നും ശ്രേയ പറയുന്നു. റെക്കോര്‍ഡിംഗിനൊക്കെ അച്ഛനും അമ്മയുമാണ് കൂടെ വരാറുള്ളത്.  മലയാളികൾക്ക് ഒട്ടേറെ അവിസ്മരീണയമായ മെലഡികൾ സമ്മാനിച്ച സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് പാട്ടിന്‍റെ ലോകത്തേക്ക് കൂട്ടികൊണ്ടുവന്നതെന്നും ശ്രേയ പറയുന്നു. 

 

'മേലേ മാനത്തെ ഈശോയേ' എന്ന ഗാനത്തിന്‍റെ റെക്കോര്‍ഡിംഗിനായി ചെന്നൈയില്‍ പോയിരുന്നു. അവിടെ വച്ച്  ചിത്ര ചേച്ചിയെ കണ്ടു. ചേച്ചി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. അത് എന്നെ അത്രയും സന്തോഷിപ്പിച്ചിരുന്നു. അതെനിക്ക് മറക്കാന്‍ പറ്റാത്ത അനുഭവമാണ്. ചിത്ര ചേച്ചിയുടെയും ശ്രേയ ചേച്ചിയുടെയുമൊക്കെ പാട്ടുകള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. അതുപോലെയൊക്കെ പാടാന്‍ പറ്റണമെന്നും ശ്രേയ പിറന്നാള്‍ ദിനത്തില്‍ പറയുന്നു.

 

 തന്നെ സ്‌നേഹിക്കുകയും സപ്പോര്‍ട്ടു ചെയ്യുകയും ചെയ്യുന്ന ഒത്തിരി ആളുകളുണ്ട്. അവരുടെ സ്‌നേഹവും സപ്പോര്‍ട്ടും ഇനിയും വേണം. അവര്‍ക്കെല്ലാം നന്ദി അറിയിക്കുകയാണ് ഈ കൊച്ചു മിടുക്കി.