ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് ബര്‍ദുബായ് പൊലീസിന് കൈമാറി. രാത്രിയോടെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. 

ഹൃദയംസ്തംഭനം മൂലമാണോ വീഴ്ചയിലെ പരിക്കാണോ മരണകാരണമെന്ന് കണ്ടെത്താനാണ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ബാത്ത്റൂമിലെ വീഴ്ചയെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ മരണം സംഭവിച്ചാല്‍ എട്ടുമണിക്കൂറിനുള്ളില്‍ ലഭിക്കേണ്ട ഫോറന്‍സിക് റിപ്പോര്‍ട്ട് ഒന്നര ദിവസം പിന്നിട്ടിട്ടും ലഭിക്കാതിരുന്നതാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ കാലതാമസമുണ്ടാക്കിയത്.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. ഇതിനു ശേഷം വേണം പാസ്പോര്‍ട്ടും വിസയും റദ്ദാക്കാന്‍. ഇവ രണ്ടും റദ്ദാക്കിയ രേഖകള്‍ സമര്‍പ്പിച്ചാല്‍ പോലീസില്‍ നിന്ന് മൂന്ന് അനുമതി പത്രം ലഭിക്കും. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടാനും, എംബാംമിംഗ് ചെയ്യാനും, എയര്‍ കാര്‍ഗോയിലേക്ക് കൊണ്ടുപോകുന്നതിനുമാണിത്.

ഫോറന്‍സിക് ലാബില്‍ നിന്ന് വിട്ടുകിട്ടുന്ന മൃതദേഹം മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്‍ററിലേക്കാണ് എംബാംമിംഗിനായി കൊണ്ടുപോവുക. എംബാമിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തയാക്കിയാക്കാന്‍ അരണിക്കൂര്‍ സമയം മതി. പിന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാം.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നടക്കം ഉന്നതവൃത്തങ്ങള്‍ ഇടപെട്ട കേസായതുകൊണ്ടും പ്രമുഖ വ്യക്തി ആയതുകൊണ്ടും ഭാവിയില്‍ ഒരു ചോദ്യങ്ങള്‍ക്കും ഇടനല്‍കാത്തതരത്തില്‍ അന്വേഷണ നടപടികളെല്ലാം പൂര്‍ത്തീകിരച്ച ശേഷം മത്രമേ ദുബായി പോലീസ് മതദേഹം വിട്ടു നല്‍കുകയുള്ളൂ.