മുംബൈ: ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 10 നടന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറുമാണ് പ്രതിഫലക്കാര്യത്തില്‍ ലോകത്തില്‍ തന്നെ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ കിംഗ് ഖാന്‍ എട്ടാമതും അക്ഷയ് കുമാര്‍ പത്താമതുമാണ്.

ഫോബ്സിന്റെ കണക്കുകളനുസരിച്ച് 3.3 കോടി ഡോളറാണ് കഴിഞ്ഞവര്‍ഷം ഷാരൂഖിന്റെ വരുമാനം. കഴിഞ്ഞ വര്‍ഷം ഒന്നാമതായിരുന്ന റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഷാരൂഖിനൊപ്പം പട്ടികയില്‍ എട്ടാം സ്ഥാനം പങ്കിടുന്നത്. ഡ്വയിന്‍ ജോണ്‍സണാണ് പ്രതിഫലക്കാര്യത്തില്‍ മുമ്പന്‍. ഏകദേശം ആറര കോടി ഡോളറാണ് ജോണ്‍സന്റെ പോയവര്‍ഷത്തെ സമ്പാദ്യം.

ബ്രാഡ് പിറ്റിനൊപ്പം പട്ടികയില്‍ പത്താം സ്ഥാനത്തുള്ള അക്ഷയ് കുമാറിന്റെ പോയവര്‍ഷത്തെ സമ്പാദ്യം 3.1 കോടി ഡോളറാണ്. സിനിമയ്ക്ക് പുറമെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കൂടി കണക്കിലെടുത്താണ് പട്ടിക പുറത്തുവിട്ടത്. വിന്‍ ഡീസല്‍, ജോണി ഡെപ്പ്, മാറ്റ് ഡാമോണ്‍, ബെന്‍ അഫ്ലെക്ക് എന്നിവരും ആദ്യ പത്തിലുണ്ട്. 6.1 കോടി ഡോളര്‍ വരുമാനമുള്ള ജാക്കി ചാനാണ് ഷാരൂഖിനും അക്ഷയ്ക്കും പുറമെ ആദ്യ പത്തിലുള്ള മറ്റൊരു ഏഷ്യന്‍ താരം. ആദ്യ 20 പേരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് സല്‍മാന്‍ ഖാനും അമിതാഭ് ബച്ചനും ഉണ്ട്.