മുംബൈ: പുതിയ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പ്രചരണ പരിപാടിക്കിടെ ആരാധകന്‍ മരിച്ചതില്‍ ഖേദപ്രകടനവുമായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ രംഗത്തെത്തി. കഴിഞ്ഞദിവസം രാത്രി വഡോദര റെയില്‍വേസ്റ്റേഷനില്‍വെച്ചാണ് ഷാരൂഖിന്റെ ആരാധകനായ ഫര്‍ഹീദ്ഖാന്‍ ഷേറാണി എന്നയാള്‍ തിക്കിലുംതിരക്കിലുംപ്പെട്ട് ശ്വാസംമുട്ടി മരിച്ചത്. അപകടത്തില്‍ രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഷാരൂഖിന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ത്ഥം ഷാരൂഖ് ഓഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്‌പ്രസില്‍ മുംബൈയില്‍നിന്ന് ദില്ലിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. തീവണ്ടി വഡോദര സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആരാധകര്‍ തിക്കിത്തിരക്കുകയായിരുന്നു. ഷാരൂഖും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്. ഷാരൂഖിന് സ്വീകരണം നല്‍കാന്‍ വഡോദരയിലെ നിരവധി പ്രമുഖര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവരും ഷാരൂഖിനെ കാണാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ എത്തിയ തീവണ്ടി പത്തുമിനിട്ടോളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഈ സമയത്ത് ആരാധകര്‍ കൂട്ടമായി പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടയിലാണ് ഫര്‍ഹീദ്ഖാന്‍ ഷേറാണി തിരക്കില്‍പ്പെട്ട് ശ്വാസംമുട്ടി മരിച്ചത്.