സിനിമാ മേഖലയിലെ പീഡനകഥകളാണ് അടുത്തിടയായി സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. ഹോളിവുഡില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ വിവാദം ചൂടുപിടിച്ചു കൊണ്ടിരിക്കുന്നു. ഹോളിവുഡിലെ മിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തുവരികയും ചെയ്തു.
സ്ത്രീകള്‍ക്ക് എതിരെയുളള ലൈംഗികാതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തില്‍ മീ ടൂ എന്ന ഹാഷ്ടാഗ് ക്യാംപെയ്നും സോഷ്യല്‍മീഡയയില്‍ തരംഗമായികഴിഞ്ഞു. ഒരു സ്ത്രീയുടെ തുറന്നു പറച്ചില്‍ മറ്റുള്ള സ്ത്രീകള്‍ക്കും പ്രചോദനമാകുന്നുവെന്നതിനാല്‍ ഈ ഹാഷ് ടാഗ് പ്രചരണം ദിവസം ചെല്ലുന്തോറും കൂടുകയാണ്.
ഒടുവില്‍ ഇതാ ബോളീവുഡിലെ ഹാസ്യതാരം മല്ലിക ദുവയാണ് തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഴു വയസ്സുള്ളപ്പോള്‍ സ്വന്തം കാറില്‍ നേരിടേണ്ടി വന്ന ദുരനുഭവമാണ് മല്ലികയ്ക്ക് പറയാനുള്ളത്. കാര്‍ ഓടിച്ചിരുന്നത് തന്‍റെ അമ്മയായിരുന്നെന്നും പുറകിലെ സീറ്റിലിരുന്ന അയാള്‍ തന്‍റെ പാവാടയുടെ ഉള്ളില്‍ കൈയിടുകയായിരുന്നു. യാത്രയിലുടനീളം അയാളുടെ കൈ തന്റെ വസ്ത്രത്തിനുള്ളിലായിരുന്നു എന്നും താരം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.
പതിനൊന്ന് വയസ്സുള്ള തന്‍റെ ചേച്ചിക്കും ഇത്തരത്തിലുളള അനുഭവം ഉണ്ടായി. വിവരം അറിഞ്ഞ അച്ഛന്‍ അന്ന് രാത്രിതന്നെ അയാളുടെ താടിയെല്ല് ഇടിച്ചു തകര്‍ക്കുകയും ചെയ്തുവെന്നും മല്ലിക പറയുന്നു.
ഹോളിവുഡിലെ പ്രശസ്തനായ നിര്‍മ്മാതാവായ വെയ്ന്‍സ്റ്റീന്‍ നായികമാരെയടക്കം ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഞ്ജലീന ജോളിയടക്കമുള്ള പ്രശസ്ത താരങ്ങള്‍ വെയ്ന്‍സ്റ്റീനെതിരെ രംഗത്തെത്തിയിരുന്നു. ഇത് ചുവടുപിടിച്ചാണ് ഇത്തരത്തിലുളള സ്വന്തം പീഡനാനുഭവങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ട് പെൺകുട്ടികള്‍ രംഗത്തെത്തുന്നത്.
അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാംപെയ്ന് തുടക്കം കറിച്ചത്. ഇന്ത്യയിൽ നിന്ന് ആയിരങ്ങൾ "മീ ടു' വിനൊപ്പം ചേർന്നപ്പോൾ കേരളത്തിൽ നിന്നും നടിമാരായ റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയ പ്രമുഖരുൾപ്പെടെ ക്യാംപെയ്ന്‍റെ ഭാഗമായി.
