Asianet News MalayalamAsianet News Malayalam

'എംടിയുടെ തിരക്കഥ ഉപയോഗിക്കരുത്': 'രണ്ടാമൂഴ'ത്തിന് കോടതി വിലക്ക്; സംവിധായകനും നിര്‍മാണക്കമ്പനിക്കും നോട്ടീസ്

എംടിയുടെ 'രണ്ടാമൂഴം' തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. എംടി ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന്  പരിഗണിക്കും.  

stay for randamoozham film court issued notice for director
Author
Kozhikode, First Published Oct 11, 2018, 5:43 PM IST

കോഴിക്കോട്: എംടിയുടെ 'രണ്ടാമൂഴം' തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. എംടി ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. കേസ് തീർപ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന്  പരിഗണിക്കും.  

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന രണ്ടാമൂഴം സിനിമയുടെ സ്ക്രിപ്റ്റ് തിരികെ ചോദിച്ച് എം.ടി കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും എംടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി.

അതേസമയം, രണ്ടാമൂഴം ഉപേക്ഷിക്കും എന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും പ്രൊജക്ടിന്റെ പുരോ​ഗതി എംടി വാസുദേവൻ നായറെ കൃത്യമായി അറിയാക്കാൻ സാധിക്കാതെ വന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും സിനിമ സംവിധാനം ചെയ്യാനിരുന്ന ശ്രീകുമാർ.വി.മേനോൻ പ്രതികരിച്ചു. ചിത്രത്തിന്റെ ആസൂത്രണവുമായി താൻ മുന്നോട്ട് പോകുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് താനും നിർമ്മാതാവ് ബി.ആർ.ഷെട്ടിയും യു.എസ്.എയിൽ പോയിരുന്നുവെന്നും ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുമെന്ന് കേട്ടിരുന്ന സിനിമയ്ക്കായി 1000 കോടിയായിരുന്നു മുതല്‍മുടക്കും പറഞ്ഞുകേട്ടിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്. ഇതിന്‍റെ അണിയറ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. മഹാഭാരതത്തിലെ ഭീമന്‍റെ ജീവിതം പകര്‍ത്തുന്ന എംടിയുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയാണ് മോഹന്‍ലാലിനെ ഭീമനാക്കി ചിത്രം പദ്ധതിയിട്ടത്.

വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും എന്നാണ് സംവിധായകന്‍ അടുത്ത ദിനം വരെ പറഞ്ഞത്. അതിനിടയിലാണ് അപ്രതീക്ഷിതമായി എംടി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥ എംടി വാസുദേവന്‍ നായര്‍ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണജോലികള്‍ അനന്തമായി നീളുന്നതാണ് എംടിയെ അസ്വസ്ഥനാക്കിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios