ല്‍ബം എന്നൊരു ഗാനസങ്കേതത്തെ മലയാളികള്‍ പരിചയപ്പെടുന്നതിനും മുമ്പ്. കേള്‍വിയുടെ ആഴത്തെ വെറും കാഴ്ചകള്‍ കീഴടക്കുന്നതിനും മുമ്പ്. നാട്ടിലെ ഓഡിയോ കാസറ്റു കടകളായ കടകളൊക്കെ മൊബൈല്‍ ഷോപ്പുകളായി വേഷം മാറുന്നതിനുമൊക്കെ ഏറെ മുമ്പ്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ 'മധുമഴ' എന്ന പേരില്‍ പത്തോളം പാട്ടുകളുമായി ഒരു കാസറ്റിറങ്ങി. വടകരക്കാരനായ ഇ വി വത്സന്‍ എന്ന അധ്യാപകന്‍ പലപല കാലങ്ങളിലായി എഴുതി ഈണമിട്ട ചില നാടകഗാനങ്ങളും ലളിത ഗാനങ്ങളുമായിരുന്നു അവ. 

അങ്ങനെ അത്രകാലവും കടത്തനാട്ടുകാര്‍ മാത്രം കേട്ടിരുന്ന 'അമ്മക്കുയിലേ ഒന്നു പാടൂ',  'ഈ മനോഹര ഭൂമിയില്‍', 'കഴിഞ്ഞുപോയ കാലം', 'മൊഴി ചൊല്ലിപ്പിരിയുമ്പോള്‍' 'കണ്ണാ വരം തരുമോ' തുടങ്ങിയ പാട്ടുകള്‍ കേരളം മുഴുവന്‍ തരംഗമായി. പാട്ടുകളുടെ വികാരനീരുമായി 'മധുമഴ'യുടെ നിരവധി ഭാഗങ്ങള്‍ പിന്നെയും പിന്നെയും പെയ്‍തിറങ്ങി. അവയിലൊക്കെ സ്വന്തം ജീവിതത്തിന്‍റെ നനവു തിരിച്ചറിഞ്ഞ വിയര്‍പ്പിന്‍റെ മണമുള്ള മനുഷ്യര്‍ കാസറ്റ് കടകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കി. ആ കാസറ്റുകള്‍ അവര്‍ തിരിച്ചും മറിച്ചുമിട്ടു കേട്ടുകൊണ്ടിരുന്നു. രാജയോഗം സ്വപ്‍നം കണ്ട അമ്മമാരെ ഓര്‍ത്തവര്‍ കരഞ്ഞു. ആ പാട്ടുകള്‍ക്കൊപ്പം നെഞ്ചുടുക്കിന്‍റെ താളത്തില്‍  ആത്മഹര്‍ഷങ്ങളും ആത്മനൊമ്പരങ്ങളുമൊക്കെ അവരും കൊട്ടിപ്പാടി. പതിയെപ്പതിയെ കാസറ്റ് കടകള്‍ക്ക് പൂട്ടുവീണു. കീപാഡില്‍ വെറുതെയൊന്ന് വിരലോടിച്ചാല്‍ പാട്ടുകള്‍ കാതിലെത്തുന്ന കാലം വന്നു. ആ സങ്കേതങ്ങള്‍ക്കും ഈ പാട്ടുകളൊക്കെ സുപരിചിതമായിരുന്നു. എന്നാല്‍ അപ്പോഴും ഇതൊക്കെ കണ്ടും കേട്ടും അധികമാരും അറിയാതെ, ആരെയും അറിയിക്കാതെ ഇ വി വത്സന്‍ എന്ന പാട്ടുമനുഷ്യന്‍ കടത്തനാടിന്‍റെ പാട്ടുകളരിയില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞു.

ചിത്രം: ഇ വി വത്സന്‍

"സംഗീതജ്ഞനെന്നും കവിയെന്നുമൊക്കെ ആരെങ്കിലും വിശേഷിപ്പിക്കുമ്പോഴൊക്കെ എനിക്കെന്തോ വലിയ ചമ്മലാണ് തോന്നുക.." ലളിതഗാനങ്ങളെക്കാള്‍ ലളിതമായ ഭാഷയില്‍ മനസ് തുറന്നു വത്സന്‍ മാഷ്. സംഗീതം ശാസ്‍ത്രീയമായി ഒട്ടും അഭ്യസിച്ചിട്ടില്ലാത്ത ഒരു മനുഷ്യനുണ്ടാക്കിയ ഈണങ്ങളാണിതൊക്കെയെന്ന് കേട്ടപ്പോള്‍ അദ്ഭുതം തോന്നി. അപ്പോള്‍ നെഞ്ചിലിരുന്ന് ഏതോ പാണന്‍ ഒരു പാട്ടുപാടി. ഒതേനനും ചന്തുവുമൊക്കെ ആയിരമായിരം വടക്കന്‍പാട്ടുകഥകളായി പൂത്തുലഞ്ഞു നില്‍ക്കുന്ന മണ്ണില്‍ ജനിച്ചു വളര്‍ന്നൊരു മനുഷ്യന്‍ പൈമ്പാലു പോലുള്ള പാട്ടുണ്ടാക്കുന്നവന്‍ ആയതില്‍ എന്തദ്ഭുതമെന്ന് ഉള്ളിലിരുന്നാരോ വിളിച്ചു ചോദിച്ചു. അതിനിടെ തന്‍റെ പാട്ടുകളരിയുടെ രഹസ്യം വത്സന്‍ മാഷ് തന്നെ പറയുന്നതു കേട്ടു. അത് മകനെ പാട്ടു പഠിപ്പിച്ച അമ്മക്കുയിലിന്‍റെ കഥ കൂടിയായിരുന്നു.  

പാട്ടു പഠിപ്പിച്ച അമ്മക്കുയില്‍
"വടകര അറക്കിലാടാണ് എന്‍റെ നാട്. കര്‍ഷകനായിരുന്നു അച്ഛന്‍. അമ്മ എല്‍ പി സ്‌കൂള്‍ ടീച്ചറും. പാട്ടുകളോട് വല്ലാത്തൊരിഷ്‍ടമായിരുന്നു അമ്മയ്ക്ക്. കുമ്മിപ്പാട്ടും തിരുവാതിരപ്പാട്ടും താരാട്ടു പാട്ടുകളുമൊക്കെ വീട്ടില്‍ ചൊല്ലി നടക്കുക അമ്മയുടെ പതിവായിരുന്നു. പിന്നെ സന്ധ്യക്ക് എന്നെയും സഹോദരിയെയും ഒപ്പമിരുത്തി നാമം ചൊല്ലിത്തരും. ഞങ്ങള്‍ ഏറ്റുചൊല്ലും..." ആ അമ്മപ്പാട്ടുകളാണ് തന്‍റെ സംഗീത ഗുരുവെന്ന് ഉറപ്പിച്ചു പറയുന്നു വത്സന്‍ മാഷ്.  പിന്നീട് വടകര ബിഇഎം സ്‍കൂളിലെ പഠനകാലവും നാട്ടിലെ കലാസമിതികളുടെ നാടകങ്ങളും കൂടിയായപ്പോല്‍ വത്സന്‍ മാഷിലെ പാട്ടെഴുത്തുകാരനും ഈണക്കാരനും പരുവപ്പെട്ടു തുടങ്ങി. സ്‍കൂള്‍ യുവജനോത്സവങ്ങളായിരുന്നു ആദ്യ തട്ടകം. "പത്താംക്ലാസിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, ആദ്യമായി ഒരു പാട്ടെഴുതി സംഗീതം നൽകുന്നത്. അന്ന് യുവജനോത്സവത്തിനു വേണ്ടി 'കളിത്തോക്ക്' എന്നൊരു നാടകമെഴുതി. പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്ന ആളും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയായിരുന്നു അത്." 

ആ നാടകത്തിനു വേണ്ടി എഴുതിയ 'ഓർമകൾ മരിക്കുന്ന യാമങ്ങളിൽ/ ഓളങ്ങൾ തകരുന്ന തീരങ്ങളിൽ / ഓമനിച്ചു ചിരിപ്പിച്ച താരങ്ങളായ്/ ഓമനയെ കരയിച്ച മോഹങ്ങളേ' എന്നു തുടങ്ങുന്ന പാട്ടായിരുന്നു ആദ്യഗാനം.."

നാടകമെഴുത്തുകാരനും പാട്ടെഴുത്തുകാരനുമൊക്കെയായതും തികച്ചും നാടകീയമായിട്ടാണെന്ന് പറയുന്നു വത്സന്‍ മാഷ്. "ജനകീയ കൂട്ടായ്‍മകളുടെ അമേച്വര്‍ നാടകങ്ങള്‍ കത്തി നില്‍ക്കുന്ന കാലമാണ്. നാട്ടില്‍ കലാസമിതികളൊക്കെ സജീവമായിരുന്ന കാലം. സി എല്‍ ജോസ്, മുഹമ്മദ് പുഴക്കര തുടങ്ങിയ പ്രമുഖ നാടകകൃത്തുക്കളുടെയൊക്കെ പുസ്‍തകങ്ങളാണ് കലാസമിതികള്‍ നാടകമാക്കുക. വീടിനടുത്തുള്ള ദര്‍ശന കലാസമിതിയുടെ പ്രവര്‍ത്തകനായിരുന്നു ഞാന്‍. അന്ന് സമിതികള്‍ക്ക് പ്രമുഖ എഴുത്തുകാരുടെ നാടക പുസ്‍തകങ്ങള്‍ കിട്ടാന്‍ വളരെ പ്രയാസമായിരുന്നു. അങ്ങനെയാണ് സ്വന്തമായി നാടകം എഴുതിത്തുടങ്ങുന്നത്. നാടകത്തില്‍ സന്ദര്‍ഭത്തിന് അനുസരിച്ച് പാട്ടുകള്‍ വേണം. കാമുകന്‍ കാമുകിയെ പിരിയുമ്പോള്‍, അച്ഛന്‍ യാത്ര പറയുമ്പോള്‍ എന്നിങ്ങനെ വിരഹ-വിഷാദ രംഗങ്ങള്‍ക്ക് അനുസരിച്ചാണ് ഭൂരിഭാഗം നാടകങ്ങള്‍ക്കും ഗാനങ്ങള്‍ വേണ്ടത്. അതും ഞാന്‍ തന്നെ എഴുതിത്തുടങ്ങി. പിന്നെ അതിനൊരു ഈണം വേണം. അതും തനിയെ ഉണ്ടാക്കി പാട്ടുകാരെ പഠിപ്പിക്കും. അതിനെ സംഗീത സംവിധാനം എന്നൊന്നും വിളിക്കാന്‍ പറ്റില്ല..." മാഷ് ചിരിക്കുന്നു.  ദര്‍ശനയ്ക്ക് വേണ്ടി മാഷ് എഴുതിയ സ്‍ക്രിപ്റ്റുകള്‍ സൂപ്പര്‍ ഹിറ്റുകളായി മാറി. അതോടെ അതന്വേഷിച്ച് പരിസരപ്രദേശങ്ങളിലെ മറ്റു കലാസമിതിക്കാരും എത്തിതുടങ്ങി. അങ്ങനെ ഇ വി വത്സനെന്ന അറക്കിലാട്ടുകാരന്‍ പയ്യന്‍റെ പാട്ടും നാടകങ്ങളും കടത്തനാട്ടിലും പരിസരപ്രദേശങ്ങളിലും പതിയെ പടര്‍ന്നു തുടങ്ങി. 

ചിത്രം: മധുമഴ കവര്‍

നഷ്‍ടപ്രണയത്തിന്‍റെ കഴിഞ്ഞ കാലം
ഒരുപക്ഷേ ഇന്നും പലര്‍ക്കും ഇ വി വത്സന്‍ എന്നാല്‍  'കഴിഞ്ഞു പോയകാലം' എന്ന പാട്ടാണ്. എഴുപതുകളില്‍  'പ്രതീക്ഷ' എന്ന നാടകത്തിനു വേണ്ടിയാണ് ഇതുണ്ടാക്കുന്നത്. എന്നാല്‍ ഈ പാട്ടിനകത്ത് വലിയ സംഭവമൊന്നുമില്ലെന്ന് വത്സന്‍ മാഷ്. "ലളിതമായൊരു പാട്ടു മാത്രമാണിത്. നഷ്‍ടപ്രണയത്തിന്‍റെ വേദനയിലാണിത് എഴുതിയത്. കേള്‍ക്കുന്നവരുടെയൊക്കെ മനസില്‍ ഒരു കാമുകനോ കാമുകിയോ കാണും. പലര്‍ക്കും  നഷ്‍ടപ്രണയങ്ങളുമുണ്ടാകും. അതുകൊണ്ട് പാട്ടിനോട് ആളുകള്‍ പെട്ടെന്ന് താദാത്മ്യം പ്രാപിക്കും. അങ്ങനെയാണ് ഇതെല്ലാവരും ഇഷ്‍ടപ്പെടുന്നതും കാലത്തെയും പ്രായത്തെയുമൊക്കെ ഈ പാട്ട് അതിജീവിക്കുന്നതും.." 

ആദ്യകാലത്ത് 'കഴിഞ്ഞു പോയകാലം' ആലപിച്ചത് വിനോദ് വടകരയും ശ്രീലതയുമായിരുന്നു. "അന്ന് നാടകങ്ങള്‍ക്ക് സ്റ്റേജിന്‍റെ സൈഡില്‍ നിന്ന് ലൈവായി പാടുകയാണ് പതിവ്. ഇങ്ങനെ നൂറു കണക്കിന് വേദികളില്‍ പാടിയ വിനോദാണ് ഈ പാട്ട് ഹിറ്റാക്കുന്നത്. എഴുത്തുകാരന്‍ വി ആര്‍ സുധീഷിന്‍റെ സഹോദരനായ വിനോദ് തന്നെയാണ് അക്കാലത്തെ എന്‍റെ ഭൂരിഭാഗം പാട്ടുകളുടെയും ശബ്‍ദം..." മാഷ് പറയുന്നു. എന്നാല്‍ പിന്നീട് കാസറ്റിറക്കിയപ്പോള്‍ കോഴിക്കോട് സതീഷ് ബാബുവിന്‍റെയും ദലീമയുടെയും ശബ്‍ദത്തിലാണ് ഈ പാട്ടെത്തിയത്. 'കഴിഞ്ഞു പോയ കാലത്തിന്‍റെ' ഇന്നു കേള്‍ക്കുന്ന എല്ലാ ട്രാക്കുകളും ഇവരുടെ ശബ്‍ദത്തില്‍ തന്നെയാണ്. 

ഇതേ ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെയും എസ്‍ പി വെങ്കിടേഷിന്‍റെയും പേരില്‍ ഒരു പുസ്‍തകത്തില്‍ പ്രത്യക്ഷപ്പെടുന്നതു കാണാനുമുള്ള ദുര്യോഗവുമുണ്ടായി വത്സന്‍ മാഷിന്. പുത്തഞ്ചേരിയുടെ സ്‍മരണാര്‍ത്ഥം പുറത്തിറക്കിയ പുസ്‍തകത്തിലാണ് 'ലാളനം' എന്ന സിനിമയ്ക്കു വേണ്ടി ഗിരീഷ് എഴുതി എസ് പി വെങ്കിടേഷ് ഈണമിട്ടെന്ന പേരില്‍ 'കഴിഞ്ഞു പോയകാലം' പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അത് പ്രസാധകര്‍ക്ക് പറ്റിയ ഒരു അബദ്ധമാണെന്ന് മാഷ് പറയും. "മഹാപ്രതിഭയായ ഗിരീഷിന് എന്‍റെ പാട്ടിന്‍റെയൊന്നും ആവശ്യമില്ല. ഗിരീഷിനോടുള്ള ബഹുമാനം കാരണം ആ വിവാദം ഒഴിവാക്കുകയായിരുന്നു. തെറ്റുപറ്റിയതില്‍ കോഴിക്കോട്ടുകാരനായ പ്രസാധകന്‍ ക്ഷമയും ചോദിച്ചു. സത്യത്തില്‍ ഈ സംഭവം ഞാന്‍ തികച്ചും പോസിറ്റീവായിട്ടാണ് കാണുന്നത്. കാരണം ആ പാട്ടിന്‍റെ പ്രചാരമല്ലേ ഇത് കാണിക്കുന്നത്? ഞാനെഴുതിയ ഒരു പാട്ട് പേരുകേട്ട ഒരു പാട്ടെഴുത്തുകാരന്‍റെതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നത് തന്നെ എനിക്കുള്ള ഒരു അംഗീകാരമല്ലേ..?" വത്സന്‍ മാഷുടെ ചിന്തകളും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ പോലെ തന്നെ ലളിതവും ഹൃദ്യവുമാണല്ലോ എന്നോര്‍ത്തു.

കൂടുവിട്ടു പറന്നു പോയ ശശിമാഷ്
ഇ വി വത്സന്‍റെ ഏറ്റവും പ്രശസ്‍തമായ രചനകളിലൊന്നാണ് 'ഈ മനോഹര ഭൂമിയില്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍' എന്ന ഗാനം. മനുഷ്യ ജീവിതത്തിന്‍റെ നശ്വരതയെയും ബന്ധങ്ങളുടെ ശിഥിലതകളുമൊക്കെ ലളിതമായി അവതരിപ്പിക്കുന്ന തത്വചിന്താപരമായ ഈ ഗാനം 'മധുമഴ'യിലൂടെയാണ് പുറത്തുവരുന്നത്. അടുത്തകാലത്ത് ഈ ഗാനം യൂടൂബിലും തംരഗമായി. ചേര്‍ത്തലയിലെ ഏതോ ഒരു കള്ളുഷാപ്പിലിരുന്ന് മേശയിലടിച്ച് പാടുന്ന ഒരു കൂട്ടം ആളുകളാണ് പുതിയ കാലത്ത് ഈ പാട്ടിനെ വൈറലാക്കിയത്. അതുപോലെ മാഷുടെ ശ്രദ്ധേയമായ മറ്റൊരു രചനയാണ് 'ഓടും മേഘങ്ങളേ'. ജനപ്രിയങ്ങളായ ഈ രണ്ടു ഗാനങ്ങള്‍ക്കു പിന്നിലും വേദനപ്പിക്കുന്നൊരു കഥ പറയാനുണ്ട് മാഷിന്. അത് വടകരയിലും പരിസരപ്രദേശങ്ങളിലുമുള്ള പാരലല്‍ കോളേജുകളുടെ വസന്തകാലത്തിന്‍റെ കഥ കൂടിയാണ്.

"അന്ന്  നാട്ടില്‍ പാരലല്‍ കോളേജുകളുടെ പൂക്കാലമായിരുന്നു.. മടപ്പള്ളി ഗവണ്‍മെന്‍റ് കോളേജിനെപ്പോലും വെല്ലുന്ന മേഴ്‍സി, മനീഷ തുടങ്ങിയ നിരവധി കോളേജുകള്‍ പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്വപ്‍നങ്ങളെ പൂവണിയിച്ച കാലം. ബിരുദവും ലാംഗ്വേജ് ടീച്ചേഴ്‍സ് ട്രെയിനിംഗും കോപ്പറേറ്റീവ് ട്രെയിനിംഗിനുമൊപ്പം മലയാള വിദ്വാന്‍ പരീക്ഷ കൂടെ പാസായ ഞാന്‍ പല പാരലല്‍ കോളേജ് അധ്യാപനം തുടങ്ങി. എന്‍റെ അടുത്ത സുഹൃത്തായിരുന്നു ശശി മാഷ്."

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരന്‍റെ മകൻ സി കെ ശശിയുടെ ഓര്‍മ്മകളില്‍ വത്സന്‍ മാഷ് മുങ്ങിനിവര്‍ന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയൊക്കെയായിരുന്ന സി കെ ശശി പിൽക്കാലത്ത് ദേശാഭിമാനിയിലെത്തിയതും പിന്നീട് അതൊക്കെ വിട്ട് നാട്ടില്‍ ഒരു പാരലല്‍ കോളേജ് തുടങ്ങിയതുമായ കഥകള്‍. "അന്ന് ശശി മാഷ് സ്ഥാപിച്ചതാണ് വടകരയിലെ പേരു കേട്ട സാഗര്‍ കോളേജ്. നിരവധി ബ്രാഞ്ചുകളും ആയിരക്കണക്കിന് കുട്ടികളുമായി സാഗര്‍ കോളേജ് വളരെ വേഗമാണ് പ്രശസ്‍തിയിലേക്ക് ഉയര്‍ന്നത്. മൂവായിരത്തിലധികം വിദ്യാർത്ഥികൾ വർഷാവർഷം പഠിച്ചിറങ്ങിയ സാഗറില്‍ ഒരു സീറ്റു കിട്ടുക അന്ന് വലിയ സംഭവമായിരുന്നു. സാഗറിന്‍റെ തുടക്കം മുതല്‍ ശശി മാഷിന്റൊപ്പം ഞാനുമുണ്ടായിരുന്നു." ശശി മാഷെ പറ്റി പറയുമ്പോള്‍ വത്സന്‍ മാഷിന് തന്‍റെ പദസമ്പത്ത് മതിയാകുന്നില്ലെന്നു തോന്നി. "എല്ലാവരും സ്നേഹിച്ചു പോകുന്ന ഒരു മനുഷ്യന്‍.. അതായിരുന്നു ശശിമാഷ്.." മാഷുടെ ഓര്‍മ്മകളില്‍ വേദന പുരളുന്നു.

"ഒരു വൈകുന്നേരം അസുഖബാധിതനായ ശശി മാഷ് പിറ്റേന്നു വൈകുന്നേരമായപ്പോള്‍ ഒരു വാക്കു പോലും ഉരിയാടാതെ കൂടുവിട്ടു പറന്നു പോയി. ഞങ്ങൾ നൂറോളം സഹയാത്രികരും ആയിരക്കണക്കിനു വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ ഭാര്യയും കപ്പിത്താൻ നഷ്‍ടപ്പെട്ട കപ്പലില്‍പ്പെട്ടതു പോലെയായി. കരകാണാതെ കരഞ്ഞുകൊണ്ടു ദിക്കറിയാതെ തളർന്നിരുന്ന ആ ദു:ഖത്തിന്റെ ആഴങ്ങളിൽ നിന്നാണ് മധുമഴയിലെ പല ഗാനങ്ങളും പിറക്കുന്നത്. 'ഈ മനോഹര ഭൂമിയും', 'ഓടും മേഘങ്ങളേ' എന്നിവ അന്നെഴുതിയതാണ്. ഇപ്പോൾ ഇരുപത്തിനാലു വർഷങ്ങൾ  കഴിഞ്ഞു. അന്ന് ആ ഗാനം കേട്ടു ഏങ്ങലടിച്ചു കരഞ്ഞ വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും നാട്ടുകാരേയും ഓർക്കുമ്പോഴും ഈ പാട്ടുകള്‍ കേൾക്കുമ്പോഴും ഇന്നും കണ്ണു നനയും.." 

ജനം പാടി വളര്‍ത്തിയ പാട്ടുകള്‍
ഒരു കാലത്ത് വടക്കന്‍ കേരളത്തിലെ സ്‍കൂള്‍ യുവജനോത്സവ വേദികളിലും കേരളോത്സവ വേദികളിലുമൊക്കെ പതിവായിരുന്നു വത്സന്‍ മാഷുടെ പാട്ടുകള്‍. 'കണ്ണാ വരം തരുമോ' 'അമ്മക്കുയിലേ' തുടങ്ങിയ പാട്ടുകളോടായിരുന്നു കുട്ടികള്‍ക്ക് ഏറെ പ്രിയം. എന്നാല്‍ അത്തരം ആവശ്യങ്ങള്‍ക്കായി ഒരു പാട്ടു പോലും താന്‍ എഴുതിയിട്ടില്ലെന്ന് മാഷ് പറയുന്നു. മുപ്പത്തഞ്ച് വര്‍ഷം മുന്‍പ് സാഗര്‍ കോളജിന്‍റെ തുടക്ക കാലത്താണ് 'കണ്ണാ വരം തരുമോ' എന്ന പാട്ടിന്‍റെ പിറവി.  "ഒട്ടും ഭക്തിയുള്ള ആളല്ല ഞാന്‍. പക്ഷേ കണ്ണന്‍, രാധ തുടങ്ങിയ സങ്കല്‍പ്പങ്ങളൊക്കെ വലിയ ഇഷ്‍ടവുമാണ്. പൊതുവെ പര്യായപദങ്ങള്‍ കുത്തിനിറച്ചവയായിരുന്നു അന്നത്തെ ഭക്തിഗാനങ്ങള്‍. അതില്‍ നിന്നും വ്യത്യസ്‍തമായൊരു പാട്ടായിരുന്നു മനസില്‍. 'മനമുരുകുന്നത് കാണാം' എന്ന ചെറിയൊരാശയത്തില്‍ നിന്നാണ് ഈ പാട്ടിന്‍റെ പിറവി. അജിത കുമാരി എന്ന പെണ്‍കുട്ടി ആയിരുന്നു ഈ പാട്ട് ആദ്യമായി പാടുന്നത്. ഗാനം ഭയങ്കര പോപ്പുലറായിരുന്നു. പിന്നെ ഓരോ തലമുറയിലെയും കുട്ടികള്‍ കേട്ടു പഠിച്ച് പാടുകയായിരുന്നു, ആരുടെതാണെന്ന് പോലും അറിയാതെ.." കാസറ്റുകള്‍ വിപണി കീഴടക്കാത്ത ഒരു കാലത്ത് മനുഷ്യര്‍ പാടിപ്പാടി പാട്ടുകളെ വളര്‍ത്തിയ കഥ മാഷ് പറയുന്നത് കേട്ടിരിക്കുമ്പോള്‍ കൗതുകം തോന്നി. 

'മൊഴി ചൊല്ലിപ്പിരിയുമ്പോള്‍' എന്ന ഗാനത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു കഥയുണ്ട്. ഇന്ന് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയായ ശ്രീലത വടകര എന്ന ഗായിക ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാഷ് ഈ പാട്ടുണ്ടാക്കുന്നത്. "ശ്രീലതയുടെ അച്ഛന്‍ എന്‍റെ സുഹൃത്താണ്. ഒരു ദിവസം അദ്ദേഹം മകള്‍ക്ക് പാടാനൊരു പാട്ട് തരാമോ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. എന്തെഴുതണമെന്നായി പിന്നെ ആലോചന. ഒരു മുസ്ലീം കുടുംബമായിരുന്നു ഞങ്ങളുടെ അയല്‍വക്കം. ആ ഇടയ്ക്കായിരുന്നു ആ വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ഭയങ്കര ആഘോഷമൊക്കെയായിരുന്നു. പക്ഷേ ഒരു മാസം കഴിയുന്നതിനും മുമ്പേ അവളെ മൊഴി ചൊല്ലി. ആ ദിവസങ്ങളിലൊന്നില്‍ വീടിന്‍റെ പിന്നില്‍ ഒറ്റയ്‍ക്കിരുന്ന് കരയുന്ന ആ കുട്ടിയെ ഞാന്‍ കണ്ടു. അതു കണ്ടപ്പോള്‍ ഭയങ്കര വിഷമം തോന്നി. അന്ന് മാപ്പിളപ്പാട്ടിലെ 'കത്ത് പാട്ടുകള്‍' എന്ന ശാഖ കത്തി നില്‍ക്കുന്ന സമയമാണ്. അങ്ങനെ കത്തുപാട്ടിന്‍റെ ഈണത്തില്‍ ആ പെണ്‍കുട്ടിയുടെ കണ്ണീര് ചാലിച്ച് എഴുതിയതാണ് 'മൊഴി ചൊല്ലിപ്പിരിയുമ്പോള്‍.."

കാക്കകളെ ഓടിച്ച് ആദ്യ റെക്കോഡിംഗ്
വത്സന്‍ മാഷുടെ പാട്ടുകള്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് മൂന്നര പതിറ്റാണ്ട് മുമ്പാണ്. വടകരയിലെ ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു 'വിരഹ ഗാനങ്ങള്‍' എന്ന ആ ഓഡിയോ കാസറ്റിനു പിന്നില്‍. 'കണ്ണാ വരം തരുമോ', 'മൊഴി ചൊല്ലി പിരിയുമ്പോള്‍', 'മോഹങ്ങള്‍ പൂചൂടി നില്‍ക്കുന്ന കാലം', 'സാഗരം നീല സാഗരം' തുടങ്ങിയ ഏഴോളം ഗാനങ്ങളായിരുന്നു ആ കാസറ്റില്‍. കണ്ണൂര്‍ ചന്ദ്രശേഖരന്‍, അജിത കുമാരി, ശ്രീലത തുടങ്ങിയവരായിരുന്നു ഗായകര്‍. ആദ്യത്തെ റെക്കോഡിംഗിനെക്കുറിച്ച് രസകരമായ നിരവധി ഓര്‍മ്മകളുണ്ട് മാഷിന്. സ്റ്റുഡിയോയില്‍ ആയിരുന്നില്ല ആ റെക്കോഡിംഗ്.

"അന്ന് സ്റ്റുഡിയോകളൊക്കെ അപൂര്‍വ്വമാണ്.  തിരുവനന്തപുരത്തെ തരംഗിണിയെക്കുറിച്ച് കേട്ടറിവു മാത്രമേയുള്ളൂ. മാത്രമല്ല പണവും വലിയ പ്രശ്‍നമാണ്. അതുകൊണ്ട് വടകരയിലെ എയര്‍കോണ്‍സ് ഐടിസി എന്ന വിദ്യാഭ്യാസ സഥാപനത്തിലെ ഒരു മുറി സ്റ്റുഡിയോ ആക്കി മാറ്റി ഞങ്ങള്‍. നാട്ടിലെ ലൈറ്റ് ആന്‍ഡ് സൗണ്ടുകാരുടെ സഹായത്തോടെയായിരുന്നു ആ റെക്കോര്‍ഡിംഗ്.." 

'കണ്ണാ വരം തരുമോ' ആയിരുന്നു ആദ്യം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഗാനം. ഇന്ന് സംഗീതാധ്യാപികയായി വിരമിച്ച അജിതാ കുമാരി എന്ന വിദ്യാര്‍ത്ഥിനിയായിരുന്നു ആദ്യ പാട്ടുകാരി. റെക്കോര്‍ഡിംഗ് തുടങ്ങിയപ്പോഴാണ് അടുത്ത പ്രശ്‍നം. കാക്കളുടെയും സമീപത്തെ വീടുകളില്‍ തുണി അലക്കുന്നതിന്‍റെയുമൊക്കെ ശബ്‍ദങ്ങള്‍ 'സ്റ്റുഡിയോയി'ലേക്ക് കടന്നു വരുന്നു. ഒടുവില്‍ കാക്കളെ എറിഞ്ഞോടിക്കാനും അലക്കുകാരെ നിശബ്‍ദരാക്കാനും വിദ്യാര്‍ത്ഥികളെ വളണ്ടിയര്‍മാരായി നിയോഗിക്കേണ്ടി വന്നു. "എന്നിട്ടും പല തവണ റെക്കോര്‍ഡിംഗ് മുറിഞ്ഞു. ചെറിയൊരു ശബ്ദം വന്നാല്‍ മുടങ്ങും. ഒരുപാട് സമയമെടുത്താണ് അന്ന് ഏഴുപാട്ടുകളും പൂര്‍ത്തിയാക്കിയത്..." മാഷ് ഓര്‍ക്കുന്നു.

വടകര ടൗണ്‍ ഹാളില്‍ വച്ച് സാഗര്‍ കോളേജിലെ ആയിരക്കണക്കിനു കുട്ടികളെയും നാട്ടുകാരെയും സാക്ഷികളാക്കി പുനത്തില്‍ കുഞ്ഞബ്ദുള്ളയായിരുന്നു  'വിരഹ ഗാനങ്ങള്‍' എന്ന കാസറ്റിന്‍റെ പ്രകാശനം. കാസറ്റു കടകളൊക്കെ അപൂര്‍വ്വമായ അക്കാലത്ത് പ്രദേശത്ത് അതൊരു വലിയ ആഘോഷം തന്നെയായിരുന്നു. ചന്ദ്രശേഖരന്‍റെ മുഴങ്ങുന്ന ശബ്‍ദത്തില്‍ പാട്ടുകള്‍ മൈക്കിലൂടെ ഒഴുകുന്നതു കേട്ട് അന്ന് പലരും അന്തിച്ചു നിന്നതൊക്കെ മാഷ് ഓര്‍ക്കുന്നുണ്ട്.  40 രൂപ വിലയിട്ട 'വിരഹ ഗാനങ്ങളു'ടെ കാസറ്റ് നന്നായി വിറ്റു. പിന്നീട് 'കണ്ണാവരം തരുമോ' എന്ന ഗാനത്തിന്‍റെ ദൃശ്യരൂപവും പുറത്തിറക്കി സൗഹൃദസംഘം. "വടകരയിലെ സ്റ്റാര്‍നെറ്റ് എന്ന പ്രാദേശിക ചാനലാണ് അന്നത് സംപ്രേക്ഷണം ചെയ്യുന്നത്. ദൂരദര്‍ശനിലെ ചിത്രഗീതമാണ് അന്ന് ആകെയുള്ള സംഗീത പരിപാടി, അതും സിനിമാ ഗാനങ്ങള്‍ മാത്രം. അപ്പോള്‍ ഞങ്ങളുടെ സംരംഭത്തെ കേരളത്തിലെ ആദ്യത്തെ വിഷ്വല്‍ ആല്‍ബം എന്നു തീര്‍ച്ചയായും വിളിക്കാം.." മാഷ് പറയുന്നു.

മിനി മിന്‍മിനിയായ മായാജാലം!
'മനസിൽ വിരിയും പൂക്കളേ' എന്നു തുടങ്ങുന്ന മാഷിന്‍റെ പ്രശസ്‍തമായ ഒരു നാടകഗാനം പിൽക്കാലത്ത് കാസറ്റിലാക്കാന്‍ തീരുമാനിച്ചു. പാടാൻ ഒരു ഗായിക വേണം. ഒരുപാട് അന്വേഷിച്ചെങ്കിലും തൃപ്‍തിയായില്ല. എറണാകുളത്ത് സ്റ്റുഡിയോയിൽ റെക്കോഡിങ്ങ് തീരുമാനിച്ചിരിക്കുകയാണ്. റെക്കോഡിംഗിന്‍റെ അന്നും ചിലര്‍ പാടാനെത്തുമെന്ന് പറഞ്ഞതാണ് ഏക പ്രതീക്ഷ. അതും ശരിയായില്ലെങ്കില്‍ റെക്കോര്‍ഡിംഗ് മാറ്റി വയ്ക്കണം. അന്നു കാലത്ത് പ്രായമായ അച്ഛന്‍റെ കൈപിടിച്ച് പാവാടക്കാരിയായ ഒരു ഗായിക സ്റ്റുഡിയോയിലെത്തി. പേരു ചോദിച്ചപ്പോൾ മിനി എന്നു പറഞ്ഞു. അവളെക്കൊണ്ട് ചില പാട്ടുകൾ പാടിച്ചു. കേട്ടപ്പോൾ മാഷ് അമ്പരന്നു. അത്ഭുതപ്പെടുത്തുന്ന ശബ്‍ദസൗന്ദര്യം. അങ്ങനെ ഒരു പാട്ടു പാടാനെത്തിയ മിനിയെക്കൊണ്ട് നാലു പാട്ടുകൾ പാടിച്ചു റെക്കോഡ് ചെയ്‍തു. വർഷങ്ങൾ പിന്നെയും കഴിഞ്ഞു. ഏ ആര്‍ റഹ്മാന്‍റ 'ചിന്ന ചിന്ന ആശൈ' തരംഗമായ നാളുകള്‍. ഈ പാട്ടുകാരിയുടെ ശബ്‍ദം എവിടെയോ കേട്ടു മറന്നതാണല്ലോ എന്ന് അപ്പോള്‍ മാഷിനു തോന്നി. അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, അത് ആ പഴയ പാവാടക്കാരി മിനിയായിരുന്നു. "ഇളയരാജക്കു വേണ്ടി തമിഴില്‍ പാടാന്‍ പോയ മിനിയെ രാജ മിൻമിനിയാക്കിയ കഥയൊക്കെ പിന്നീടാണ് ഞാന്‍ അറിയുന്നത്. കാലം എന്തെല്ലാം ജാലങ്ങൾ നമുക്ക് കാട്ടിത്തരുന്നു.. അല്ലേ?" മാഷ് ചോദിച്ചപ്പോള്‍ 'എന്തെല്ലാം ജാലങ്ങള്‍ കണ്ടുവേണം പൊന്‍കുരുന്നേ നീ വളരാന്‍' എന്ന അദ്ദേഹത്തിന്‍റെ തന്നെ വരികളോര്‍ത്തു.

"

(വീഡിയോ മിന്‍മിനി പാടുന്നു)

1995ല്‍ ശശി മാഷിന്‍റെ മരണ ശേഷമാണ് ഡിജിറ്റല്‍ റെക്കോര്‍ഡിംഗ് കാസറ്റ് എന്ന ആശയവുമായി ചിലര്‍ സമീപിക്കുന്നത്. അങ്ങനെയാണ് മാഷുടെ പഴയതും പുതിയതുമായ പാട്ടുകളുമൊക്കെ ചേര്‍ത്ത് കോഴിക്കോട് ശ്രുതി സ്റ്റുഡിയോയില്‍ വച്ച് മധുമഴ പിറക്കുന്നത്.  ഈ മനോഹര ഭൂമി, ഓടും വെണ്‍മേഘം എന്നിവയെക്കൂടാതെ 'അമ്മക്കുയിലും' അന്നെഴുതിയതാണ്. കണ്ണൂര്‍ ചന്ദ്രശേഖരന്‍, സിന്ധു പ്രേംകുമാര്‍, സതീഷ് ബാബു, ദലീമ തുടങ്ങിയവരായിരുന്നു ഗായകര്‍.

"അമ്മക്കുയില്‍ എഴുതുമ്പോള്‍ എന്‍റെ അമ്മ ജീവിച്ചിരിപ്പുണ്ട്. അമ്മയില്ലാത്തൊരു കാലത്ത് ഞനെങ്ങനെ ജീവിക്കും എന്ന ചിന്തയില്‍ നിന്നാണ് ഈ പാട്ട് പിറക്കുന്നത്. അമ്മ എന്നെക്കുറിച്ചു കണ്ട സ്വപ്‍നങ്ങളിലെ ഉയരങ്ങളിലെത്താന്‍ എനിക്കു കഴിഞ്ഞില്ലെന്ന കുറ്റബോധം. ശൂന്യത, വിഷാദം. ഇതൊക്കെയായിരുന്നു ആ പാട്ടെഴുതുമ്പോള്‍ മനസില്‍. പാട്ട് കേള്‍പ്പിച്ചപ്പോള്‍ അമ്മ പൊട്ടിക്കരഞ്ഞു. ഒരുപാട് പണിപ്പെട്ടാണ് അന്ന് അമ്മയെ സമാധാനിപ്പിച്ചത്.." സന്തോഷം കൊണ്ടാവും അമ്മ കരഞ്ഞതെന്നാണ് മാഷ് വിശ്വസിക്കുന്നത്. എട്ടു വര്‍ഷം മുമ്പ് മരിക്കുന്നതു വരെ ഈ പാട്ട് കേള്‍ക്കുമ്പോഴൊക്കെ അമ്മ തേങ്ങിക്കരയുമായിരുന്നുവെന്നും മാഷ് ഓര്‍ക്കുന്നു. 

മധുമഴയുടെ അഞ്ച് വോള്യങ്ങള്‍ക്കിടയില്‍ ഇറക്കിയ 'ആലിപ്പഴം' എന്ന കാസറ്റിലെ 'ദൈവം തന്ന വീടുറങ്ങി' എന്ന പാട്ടിനും അമ്മക്കുയിലിനെപ്പോലൊരു കഥയുണ്ട്. "ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്‍റെ ഭാര്യ മരിച്ചാലുള്ള അവസ്ഥ സങ്കല്‍പ്പിച്ച് എഴുതിയതാണ് ഈ പാട്ട്.." ഭാര്യ മരിച്ചു പോയ ചിലര്‍ ഈ പാട്ട് കേട്ട് മാഷിനെ ഫോണില്‍ വിളിച്ച് പൊട്ടിക്കരഞ്ഞു. ചിലര്‍ പറഞ്ഞു, ദയവ് ചെയ്‍ത് ഇനി ഇങ്ങനുള്ള പാട്ടുകള്‍ ഉണ്ടാക്കരുത് മാഷേ, സഹിക്കാനാവുന്നില്ല എന്ന്. എന്നാല്‍ വത്സന്‍ മാഷിന്‍റെ ഭാര്യ വിമല മാത്രം പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. അമ്മയെപ്പോലെ കരഞ്ഞുമില്ല. അവളൊരു നിഷ്‍കളങ്കയാണെന്ന് മാഷ് പറയും. "പ്രണയം പൊളിഞ്ഞ് കഴിഞ്ഞുപോയ കാലം എഴുതി കല്യാണം കഴിക്കുന്നില്ലെന്നു പറഞ്ഞു നില്‍ക്കുകയായിരുന്നു ഞാന്‍. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു ഈ വിവാഹം. പെണ്ണു കാണാന്‍ പോലും ഞാന്‍ പോയില്ല. പന്തലില്‍ വച്ചാണ് ഞങ്ങള്‍ നേരില്‍ കാണുന്നത്. അത്രയ്‍ക്കും പാവമാണ് അവള്‍.." മാഷുടെ ശബ്‍ദത്തില്‍ നിറയുന്നത് തന്‍റെ മൂന്നു മക്കളോടും പേരക്കുട്ടികളോടും ഉള്ളതിനെക്കാളും വാത്സല്യം. എന്തായാലും 'ദൈവം തന്ന വീടുറങ്ങി' എന്ന ഗാനത്തിന്  മരിച്ചുപോയ ഭാര്യയുടേത് എന്ന തരത്തില്‍ ഒരു മറുമൊഴി കൂടി മാഷ് എഴുതി. സിന്ധു പ്രേംകുമാര്‍ പാടിയ ഈ പാട്ടും ആസ്വാദകരുടെ നെഞ്ചില്‍ നീറ്റലായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

പാട്ടുകളുടെ വിജയ രഹസ്യം
'മധുമഴ' ഭയങ്കര വിജയമായിരുന്നു. കാസറ്റ് വില്‍പ്പന പൊടിപൊടിച്ചു. ചൂടപ്പം പോലെ കാസറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയൊരു മോഹമുദിച്ചു. ഇ വി വത്സന്‍റെ വരികള്‍ക്ക് കണ്ണൂര്‍ രാജനെക്കൊണ്ട് സംഗീതം ചെയ്യിക്കണം. പറഞ്ഞതു പോലെ മാഷെഴുതി. കണ്ണൂര്‍ രാജന്‍ ഈണവുമിട്ടു. പക്ഷേ വാണി ജയറാമൊക്കെ പാടിയെങ്കിലും കാസറ്റ് ശ്രദ്ധിക്കപ്പെട്ടില്ല. അതിന്‍റെ കാരണം ചോദിച്ചാല്‍ വത്സന്‍ മാഷ് ചിരിച്ചുകൊണ്ട് പറയും അവരൊക്കെ സംഗീതം പഠിച്ചതു കൊണ്ടുള്ള പ്രശ്‍നമാണെന്ന്. സാഹിത്യ - സംഗീത പണ്ഡിതനല്ലാത്തതാണ് ലളിതമായ ഗാനങ്ങള്‍ എഴുതാനും ഈണമിടാനും തനിക്കു കഴിയുന്നതിനു കാരണമെന്നാണ് മാഷ് വിശ്വസിക്കുന്നത്. "അവര്‍ക്ക് നേരായ വഴി മാത്രമല്ലേ അറിയൂ. നമ്മള്‍ക്കത് അറിയില്ലല്ലോ. സംഗീതം പഠിക്കാത്തതിനാലാണ് എനിക്ക് സംഗീതം ചെയ്യാന്‍ കഴിയുന്നതെന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെ സാഹിത്യത്തിലും വലിയ പിടിയില്ല. ടാറ്റാപുരം സുകുമാരന്‍റെ ഡിറ്റക്ടീവ് നോവലുകളിലൂടെയാണ് ഞാന്‍ വായന തുടങ്ങുന്നത്. മുട്ടത്തുവര്‍ക്കി മുതല്‍ എം ടി യും ബഷീറിനെയുമൊക്കെ വായിച്ചിട്ടുള്ളതാണ് എഴുത്തിലെ ഏക പശ്ചാത്തലം.." 

(ചിത്രം: കണ്ണൂര്‍ ചന്ദ്രശേഖരന്‍)

എഴുത്തുകാരന്‍ തന്നെ പാടിക്കൊടുക്കുന്നത് പാട്ടുകാര്‍ക്ക് കൂടുതല്‍ ഇഷ്‍ടമാണെന്ന് മാഷുടെ അനുഭവസാക്ഷ്യം. അപ്പോള്‍ കൃത്യമായ ഭാവം കിട്ടുമെന്നാണ് പല പാട്ടുകാരും പറയുന്നത്. സംഗീതം പഠിക്കാത്തതു കൊണ്ട് ചില സംഗതികള്‍ പുസ്‍തകങ്ങളിലൂടെ വായിച്ചു പഠിച്ചു മാഷ്. മധ്യമാവതി, മോഹനം തുടങ്ങിയ രാഗങ്ങള്‍ ജനങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്നുവെന്നത് വായിച്ചുള്ള അറിവാണ്. ഈ രാഗങ്ങളുടെ പ്രയോഗരീതികളൊക്കെ മനസിലാക്കിയതും പുസ്‍കം വായിച്ചു തന്നെ. മധ്യമാവതി, മോഹനം രാഗങ്ങളില്‍ ആയിരക്കണക്കിനു സിനിമാ ഗാനങ്ങളുണ്ട്. രാഗങ്ങളൊന്നും അറിയില്ലെങ്കിലും ആ പാട്ടുകളൊക്കെ ജനങ്ങളുടെ അബോധത്തില്‍ അടിഞ്ഞിട്ടുണ്ടാകും. അപ്പോള്‍ ആ താളത്തിലും രാഗത്തിലുമുള്ള നമ്മുടെ പാട്ടുകളുടെ ഈണവും ജനം സ്വാഭാവികമായും ഇഷ്‍ടപ്പെടും. രചനയാണ് പിന്നെ ജനത്തെ സ്വാധീനിക്കുക. ലളിതമായി പറഞ്ഞാല്‍ ഏ ആര്‍ റഹ്മാനാണെങ്കിലും ഇളയരാജയാണെങ്കിലും അറക്കിലാട്ടെ ഈ പാവപ്പെട്ട വത്സനാണെങ്കിലും ശരി പാട്ടിന് ജനം പൈസ കൊടുക്കണമെങ്കില്‍ അവര്‍ക്ക് ഫീല്‍ ചെയ്യണം..." 

(ചിത്രം: മധുമഴ, കണ്ണൂര്‍ രാജന്‍ ഈണമിട്ട തുഷാരബിന്ദുക്കള്‍ എന്നിവയുടെ കവര്‍)

ആത്മവിദ്യാലയം മുതല്‍ പാട്ടുകള്‍ കേട്ട് പഠിച്ചുള്ള ശീലത്തില്‍ നിന്നാണ് സംഗീതത്തിന്‍റെ നോട്ടുകള്‍ ഉണ്ടാക്കുന്നതെന്നു മാഷ് പറയുന്നു. "എനിക്ക് പാട്ടിന്‍റെ റൂട്ടറിയാം. വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലെങ്കിലും ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന കമ്പൗണ്ടര്‍മാരുമില്ലേ? സരസമായി മാഷ് ചോദിക്കുന്നു. മധുമഴയുടെ വിജയത്തിന് പിന്നില്‍ ഡൊമിനിക്ക് മാര്‍ട്ടിന്‍ എന്ന തലശേരിക്കാരന്‍റെ ഓര്‍ക്കസ്ട്രേഷന്‍റെ പങ്ക് മറക്കാനാവില്ലെന്നു പറയുന്നു മാഷ്. "ഈ ഡൊമിനിക്ക് ഒരു അപാര പ്രതിഭയാണ്. അദ്ദേഹം ഉപയോഗിക്കുന്ന ഇന്‍സ്‍ട്രുമെന്‍റൊക്കെ ഒറിജിനലാണ്. ഓരോ തവണയും റെക്കോര്‍ഡിംഗിനായി വീണ എറണാകുളത്തു നിന്നും കോഴിക്കോടേക്ക് കാറിലാണ് എത്തിച്ചിരുന്നത്. അതുപോലെ തേജ് മെര്‍വിന്‍റെ ഗിറ്റാറും എടുത്തുപറയണം. ഡൊമിനിക്കിന്‍റെ ഓര്‍ക്കസ്ട്രേഷനും ചന്ദ്രശേഖരന്‍റെ ശബ്‍ദവും തേജിന്‍റെ ഗിറ്റാറും എന്‍റെ വരികളുമൊക്കെ ചേര്‍ന്നു നിന്നതാണ് ആ പാട്ടുകളെ ഇത്രത്തോളം ജനകീയമാക്കിയത്..." 

ജനപ്രിയ പാട്ടുകാരനാണെങ്കിലും ഫേസ്ബുക്കും യൂടൂബുമൊക്കെ വന്നതോടെയാണ് ഇ വി വത്സനെന്ന പാട്ടുമനുഷ്യനെ കൂടുതല്‍ ആളുകളും തിരിച്ചറിഞ്ഞു തുടങ്ങിയത്. "ഇപ്പോള്‍ ദിവസവും നിരവധി പേര്‍ വിളിക്കും. ഫേസ്ബുക്ക് വന്നതോടെ ആരാധകരുടെ എണ്ണം കൂടി. ഗള്‍ഫില്‍ പോകാന്‍ പേടിച്ചാണ് ഞാന്‍ അറക്കിലാട് തന്നെ ഒതുങ്ങിയത്. നിരവധി പാരലല്‍ കോളേജുകളിലായി 35 വര്‍ഷത്തോളമായി അധ്യാപന രംഗത്ത് തന്നെ ഉറച്ചു നിന്നതും അതുകൊണ്ടൊക്കെത്തന്നെ.." എന്നാല്‍ അടുത്തിടെ ആദ്യമായി ഗള്‍ഫില്‍ പോയി വത്സന്‍ മാഷ്. അവിടെ ബഹറിന്‍ മലയാളി സമാജത്തിന്‍റെ സ്വീകരണത്തില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര. മധുമഴയിലെ പാട്ടുകള്‍ മാത്രം കോര്‍ത്തിണക്കിയ ആ പരിപാടി വല്ലാത്തൊരു അനുഭവമായിരുന്നു മാഷിന്.

(ചിത്രം: വി ടി മുരളിയോടൊപ്പം വത്സന്‍ മാഷ്)

കാസറ്റു കടകളും സിഡിയുമൊക്കെ അപ്രത്യക്ഷമായതിനൊപ്പം ഇന്ന് നല്ല പാട്ടുകളെയും കാണാതായെന്ന് വേദനയോടെ വത്സന്‍ മാഷ് പറയുന്നു. മാറിയ പാട്ടുകളുമായി പെന്‍ഡ്രൈവുകള്‍ പറന്നു നടക്കുമ്പോഴും തന്‍റെ തിരഞ്ഞെടുത്ത 101 പാട്ടുകളുടെ സിഡി ആവശ്യക്കാര്‍ക്ക് അയച്ചുകൊടുത്ത് പാട്ടുകള്‍ക്കൊപ്പം നില്‍ക്കുകയാണ് മാഷ്. എഴുതിയ നാടകങ്ങളുടെയും പാട്ടുകളുടെയും കൃത്യമായ എണ്ണമൊന്നും ഓര്‍ത്തുവച്ചിട്ടില്ല.

പാട്ടിന്‍റെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് പറയുമ്പോഴും തന്‍റെ നാടകങ്ങളെപ്പറ്റി അത്ര നല്ല അഭിപ്രായമൊന്നുമില്ല മാഷിന്.  "ഷേക്സ്പിയര്‍ പോലും തുച്ഛമായ നാടകങ്ങളേ എഴുതിയിട്ടുള്ളൂ നിങ്ങള് നൂറിലധികം എഴുതിയല്ലോ എന്ന് പണ്ട് ശശി മാഷ് കളിയാക്കി പറയുമായിരുന്നു. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെ വെറുതെയങ്ങ് എഴുതിയതാണ് ഈ നാടകങ്ങളൊക്കെ. അത് സൂക്ഷിച്ചു വയ്ക്കേണ്ട സാധനമൊന്നുമല്ല." നാടക സമാഹാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വത്സന്‍ മാഷ് നിലപാട് വ്യക്തമാക്കുന്നു. 

കണ്ടുകണ്ടാണ് കടൽ ഇത്ര വലുതായതെന്ന് പണ്ട് കെ ജി ശങ്കരപ്പിള്ള എഴുതിയതുപോലെ കേട്ടുകേട്ടാണ് ഇ വി വൽസൻ മാഷ് ഇത്രയും വലുതായതെന്നാണ് വടകരക്കാര്‍ പറയുന്നത്. പക്ഷേ അപ്പോഴും ഒരു സംശയം ഉള്ളിലുടക്കി. ആറു പതിറ്റാണ്ടോളം പാട്ടുകള്‍ക്കൊപ്പം നടന്ന ഇത്രയും പ്രതിഭാശാലിയായ ഒരാളെ എന്തുകൊണ്ട് മുഖ്യധാരാ സിനിമാ സംഗീതം കണ്ടില്ലെന്നു നടിച്ചു? ആ  തൂലികയില്‍ നിന്നും എന്തുകൊണ്ട് ഇതുവരെ ഒരു സിനിമാ ഗാനം പോലും പിറന്നില്ല? ചോദിച്ചപ്പോള്‍ ആ ഉത്തരവും മാഷ്  ലളിതവല്‍ക്കരിച്ചു. "നിരവധി സിനിമകള്‍ പിടിച്ച സുഹൃത്തുക്കളും ശിഷ്യന്മാരും അയല്‍ക്കാരുമൊക്കെയുണ്ടെങ്കിലും സിനിമയില്‍ അവസരത്തിനായി ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഒരു പാട്ട് മാഷ് എഴുതുന്നോ എന്ന് ആരുമൊട്ട് ചോദിച്ചുമില്ല, ഞാനായിട്ട് ആവശ്യപ്പെട്ടുമില്ല. സിനിമയില്‍ ഒരു പാട്ടെങ്കിലും എഴുതണമെന്ന് മുമ്പൊക്കെ ഭയങ്കരമായി ആഗ്രഹിച്ചിരുന്നു. ഇന്ന് ആ ആഗ്രഹവുമില്ല. ലളിതഗാനങ്ങളുടെ ബലത്തില്‍ അറിയപ്പെടാനാണ് ഇപ്പോള്‍ ഇഷ്‍ടം." വത്സന്‍ മാഷുടെ ശബ്‍ദത്തില്‍ ആശാനിരാശകള്‍ തിരിച്ചറിയാനാവാത്ത ഭാവമാണെന്നു തോന്നി.

"ഇതുവരെ ആയിരത്തോളം പാട്ടുകളെങ്കിലും എഴുതി ചിട്ടപ്പെടുത്തിക്കാണണം. അന്ന് അതിന്‍റെ വിപണന സാധ്യതയൊന്നും അറിയില്ലായിരുന്നു, ആസ്വാദകര്‍ സ്വന്തമാക്കിയതോടെ കൈവിട്ടു പോയതാണ് എന്‍റെ പാട്ടുകളൊക്കെയും.."

പാട്ടിന്‍റെ മണമുള്ള മാഷിന്‍റെ ശബ്‍ദം പിന്നെയും കേട്ടു. അപ്പോള്‍ ആധുനിക കാലത്തിന്‍റെ പൂഴിക്കടകനൊന്നും വശമില്ലാത്ത നിസഹായനായ ഒരു പാവം കടത്തനാട്ടുകാരന്‍റെ നൊമ്പരം നെഞ്ചില്‍ അലയടിച്ചു. അകലെയിരുന്നൊരു പാണന്‍ ഉടുക്കില്‍ തട്ടി ഏതോ  ഒരു പാട്ടുപാടുന്നുണ്ടെന്നും ആ പാട്ടു നിറച്ചും ഒരു കഥയുണ്ടെന്നും തോന്നി. അജ്ഞാത രാവിലെങ്ങോ മറഞ്ഞു നില്‍ക്കുന്ന രാജയോഗത്തെക്കുറിച്ച് പറഞ്ഞ് മകനെ സമാധാനിപ്പിക്കുന്ന അമ്മക്കുയിലിന്‍റെ കഥ.

ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

പിന്നൊരിക്കലും മണിക്ക് കാണാനായില്ല ഈ പാട്ടെഴുതിയ ആ പയ്യനെ..!

കാതരമൊരു പാട്ടായ് ഞാനില്ലേ..?!

ജീവിതം തന്ന ഫാത്തിമ...!

2018ന്‍റെ പാട്ടോര്‍മ്മകള്‍

"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!

ശാന്തിഗീതമാണെനിക്ക് അയ്യന്‍..

"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!

പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി

ആരായിരുന്നു ജോയ് പീറ്റര്‍?