കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് ആഘോഷമാകുന്ന വാര്‍ത്തയെ തള്ളി ടെലിവിഷന്‍ സിനിമതാരം സുബി രംഗത്ത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുബി മനസ് തുറന്നത്. പ്രണയിച്ചയാള്‍ പണത്തിന് പ്രാധാന്യം നല്‍കിയപ്പോള്‍ ആ ബന്ധം ഉപേക്ഷിച്ചു, അയാള്‍ പണം കണ്ടാണ് തന്നെ പ്രണയിച്ചത് അതുകൊണ്ട് അയാളെ ഉപേക്ഷിച്ചു. ഈ തരത്തില്‍ സുബി പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍. 

കുറച്ച്മാസങ്ങള്‍ക്ക് മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍റെ വായില്‍ നിന്ന് അറിയാതെ വീണുപോയ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട് എന്ന് ഞാന്‍ ആഷോയില്‍ പറഞ്ഞിരുന്നു. 

പക്ഷെ അത് 15 വര്‍ഷം മുന്‍പുള്ള കാര്യമാണ്, അതാണ് ഇന്നലത്തേതു പോലെ ആളുകള്‍ പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഒരിക്കലും എന്‍റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്നു പറയുമ്പോള്‍ അറിയാമല്ലോ അന്ന് എന്‍റെ കയ്യില്‍ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്.

പിന്നെ ഇത്തരം വാര്‍ത്തകളെയൊക്കെ ഞാന്‍ പോസിറ്റീവായേ കാണാറുള്ളൂ. ഇപ്പോള്‍ യുഎസില്‍ ഒരു ഷോ കഴിഞ്ഞ് വന്നതേ ഉള്ളൂ. പുതിയ ഷോ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നതേ ഉള്ളൂ. അപ്പോള്‍ ഇത്തരം വാര്‍ത്തകളൊക്കെ നമ്മളെ ലൈംലൈറ്റില്‍ നിര്‍ത്താന്‍ സഹായിക്കും. സുബി പറയുന്നു.
വീട്ടുകാര്‍ക്ക് എന്നെ വിവാഹം കഴിപ്പിക്കാന്‍ അതിയായ മോഹമുണ്ട്. പക്ഷെ അറേഞ്ച്ഡ് മാരേജിനോട് എനിക്ക് താല്‍പര്യമില്ല. ഏത് ജാതിയാണെങ്കിലും മതമാണെങ്കിലും കുഴപ്പമില്ല, 

നിനക്കിഷ്ടമുള്ള ആളെ വിവാഹം കഴിച്ചോളാന്‍ വീട്ടുകാര്‍ പറയുന്നുണ്ട്, പക്ഷെ ലൈസന്‍സ് കിട്ടിയപ്പോള്‍ പ്രേമം വരുന്നില്ല, സുബി ചിരിച്ചു കൊണ്ട് പറയുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ പൂര്‍ണമായും സന്തോഷവതിയാണെന്നും സുബി പറഞ്ഞു.