2016 ജൂലൈ ആറിനായിരുന്നു ഇന്ത്യന്‍ റിലീസ്

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയങ്ങളിലൊന്നായിരുന്നു 2016ല്‍ സല്‍മാന്‍ ഖാന്‍ നായകനായെത്തിയ സുല്‍ത്താന്‍. ഇന്ത്യന്‍ സിനിമകളുടെ ചരിത്രത്തില്‍ എക്കാലത്തെയും വലിയ അഞ്ചാമത്തെ വിജയമായിരുന്നു ചിത്രം. ആകെ നേടിയത് 92 മില്യണ്‍ ഡോളര്‍. അതായത് 633 കോടി ഇന്ത്യന്‍ രൂപ. എന്നാല്‍ ചിത്രത്തിന്‍റെ ആജീവനാന്ത കളക്ഷന്‍ ഇതുകൊണ്ട് അവസാനിപ്പിക്കാനല്ല നിര്‍മ്മാതാക്കളുടെ തീരുമാനം. മറിച്ച് ചൈനയില്‍ വമ്പന്‍ റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം.

ഈ മാസം 31നാണ് ചിത്രം ചൈനയിലെ തീയേറ്ററുകളിലെത്തുക. പത്തോ ഇരുപതോ തീയേറ്ററുകളിലല്ല, മറിച്ച് 11,000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ദിവസേന 40,000 പ്രദര്‍ശനങ്ങളാണ് വിതരണക്കാര്‍ ലക്ഷ്യമിടുന്നത്. സുല്‍ത്താന്‍ എന്ന് തന്നെയാവും ചൈനീസ് പതിപ്പിന്‍റെയും പേര്. 

Scroll to load tweet…

ബോളിവുഡ് സിനിമകളുടെ വലിയ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റുകളിലൊന്നാണ് ചൈന. ഈ വര്‍ഷം ഇതുവരെ അഞ്ച് ഇന്ത്യന്‍ സിനിമകളാണ് ചൈനീസ് പ്രേക്ഷകരുടെ പ്രീതി തേടി പോയത്. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ബജ്‍റംഗി ഭായ്‍ജാന്‍, ഹിന്ദി മീഡിയം, ബാഹുബലി 2, ടോയ്‍ലറ്റ് ഏക് പ്രേംകഥ എന്നീ ചിത്രങ്ങളാണ് അവ. വമ്പന്‍ കളക്ഷനാണ് ഈ സിനിമകള്‍ക്കൊക്കെ ചൈനയില്‍ ലഭിച്ചത്. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍-760 കോടി രൂപ, ബജ്‍റംഗി ഭായ്‍ജാന്‍-294 കോടി, ഹിന്ദി മീഡിയം-221 കോടി, ടോയ്‍ലറ്റ് ഏക് പ്രേംകഥ-97.8 കോടി, ബാഹുബലി 2-80 കോടി എന്നിങ്ങനെയായിരുന്നു കളക്ഷന്‍ കണക്കുകള്‍.

കഴിഞ്ഞ ഷാങ്‍ഹായ് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മികച്ച ആക്ഷന്‍ സിനിമയ്ക്കുള്ള പുരസ്കാരവും നേടിയിരുന്നു സുല്‍ത്താന്‍. ഒരു ഇന്ത്യന്‍ സിനിമ ആദ്യമായാണ് ഈ പുരസ്കാരത്തിന് അര്‍ഹമാവുന്നത്.