കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്

മാണ്ഡ്യ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാനായ മണ്ഡ്യ മെല്ലഹള്ളി സ്വദേശി എച്ച്.ഗുരുവിന്‍റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ തയ്യാറാണെന്ന നടി സുമലത. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ സുമലത തയ്യാറായത്. 

കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ണാടകയുടെ വിവിധയിടങ്ങങ്ങളില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിര്‍ത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാര്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തു.

അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത. ഗുരുവിന്‍റെ എല്‍ഐസി തുകയായി എട്ട് ലക്ഷം രൂപ നേരത്തെ രേഖകള്‍ ഒന്നും ഇല്ലാതെ എല്‍ഐസി കുടുംബത്തിന് നല്‍കിയിരുന്നു. ആറുമാസം മുന്‍പായിരുന്നു ഗുരുവിന്റെയും ഭാര്യ കലാവതിയുടെയും വിവാഹം. ഭാര്യ നാലുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഗുരുവിന്റെ വീരമൃത്യു. 10 വര്‍ഷം കൂടി സൈന്യത്തില്‍ സേവനം ചെയ്യണമെന്നാണു ഭര്‍ത്താവ് ആഗ്രഹിച്ചത്. 

എനിക്ക് കരസേനയില്‍ ചേര്‍ന്ന് സേവനം അനുഷ്ഠിക്കണമെന്നായിരുന്നു ഭാര്യ കലാവതിയുടെ പ്രതികരണം. ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേര്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗുരു. ഗുരുവിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയും മറ്റു ചെറുമക്കളെയും സൈന്യത്തില്‍ ചേര്‍ക്കുമെന്ന് ഗുരുവിന്റ മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു.