കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിവാദ കഥാപാത്രമായ 'മാഡം' കാവ്യമാധവനാണെന്ന് വെളിപ്പെടുത്തി സുനില്‍കുമാര്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനില്‍ ഇക്കാര്യം പറഞ്ഞത്. മാഡം കാവ്യ മാധവനാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും സുനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു കള്ളന്റെ വാക്കുകള്‍ വിശ്വസിക്കുമോയെന്ന് ചോദിച്ചാണ് സുനില്‍കുമാര്‍ സംസാരിച്ചു തുടങ്ങിയത്. എന്റെ മാഡം കാവ്യയാണെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്- സുനില്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ സുനില്‍കുമാറിനെ പൊലീസുകാര്‍ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനില്‍കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ ഹൈക്കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ സുനില്‍കുമാറിനെതിരെ രംഗത്തുവന്നിരുന്നു. ഒരു ക്രിമിനലിന്റെ വാക്ക് വിശ്വസിച്ചാണ് കേസില്‍ ദിലീപിനെ കുടുക്കിയതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഇതാണ് മാഡത്തിന്റെ പേര് പെട്ടെന്ന് വെളിപ്പെടുത്തുന്നതിലേക്ക് സുനില്‍കുമാറിനെ എത്തിച്ചതെന്നാണ് സൂചന.