ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിൽ നായികയാകുന്നു. സന്തോഷ്‌ നായര്‍ സംവിധാനം ചെയ്യുന്ന  ‘രംഗീല’യിലൂടെയാണ് നായികയായി സണ്ണി ലിയോൺ മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം താരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാല്‍ മേനോന്‍ നിർമ്മിക്കുന്ന രംഗീലയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളത്തില്‍ അഭിനയിക്കുന്നതില്‍ ഏറെ ആവേശമുണ്ടെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോണ്‍ ഇന്റസ്ട്രിയിലെ കരിയര്‍ അവസാനിപ്പിച്ച് 2012ലാണ് സണ്ണി ലിയോണ്‍ ബോളിവുഡിലേക്ക് എത്തുന്നത്. ജിസം 2 ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. ഷൂട്ടൗട്ട് അറ്റ് വഡാല, ജാക്‌പോട്ട്, രാഗിണി എംഎംഎസ് 2 തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അവരുടേതായി പിന്നാലെയെത്തി. 

അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ മധുരരാജയിലെ ഗാനരംഗത്തിലും സണ്ണി ലിയോണ്‍ അഭിനയിക്കുന്നുണ്ട്. തിനായി  സണ്ണി ലിയോൺ  കൊച്ചിയിലെത്തി. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. രാജു സുന്ദരമാണ് നൃത്തസംവിധായകൻ.