മുംബൈ: നിഷ എന്ന രണ്ടു വയസ്സുകാരിയെ ദത്തെടുക്കാന്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും കാണിച്ച മനസ്സിനെ ബോളിവുഡ് മുഴുവന്‍ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും താരങ്ങളുടെ ആരാധകരും ആശംസകളുമായി എത്തി.

പെണ്‍കുഞ്ഞിനെ ദത്തെടുത്ത സണ്ണിയെയും ഡാനിയേലിനെയും ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു വിവേക് ഒബ്രോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നിങ്ങള്‍ ചെയ്തത് നല്ല പ്രവര്‍ത്തിയാണെന്നും മൂന്നു പേരും സന്തോഷത്തോടെ ഇരിക്കട്ടെയെന്നും താരങ്ങള്‍ കുറിച്ചു. 

റിതേഷ് ദേശ്മുഖ്, വീര്‍ ദാസ്, രാഹുല്‍ ദോലാകിയ, ഇഷ ഗുപ്ത എന്നിവരും ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും സണ്ണി നന്ദിയും പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള രണ്ടു വയസ്സുകാരി നിഷയെയാണ് ദത്തെടുത്തത്. രണ്ടു വര്‍ഷം മുന്‍പാണ് ദത്തെടുക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. സിനിമയും, ടെലിവിഷന്‍ പരിപാടികളുമായി തിരക്കിലാണെങ്കിലും നിഷയ്ക്കു വേണ്ടി പരമാവധി സമയം കണ്ടെത്തുമെന്നും സണ്ണി പറഞ്ഞു. 

ഇപ്പോള്‍ അവള്‍ക്ക് മറാത്തി മാത്രമേ അറിയൂ ഞങ്ങളുടെ സംസാരത്തിലേയ്‌ക്കെത്താന്‍ പഠിപ്പിക്കുന്നുണ്ട്. ഈ പ്രായത്തില്‍ അത് അവള്‍ക്ക് എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്. ഇനി മുതല്‍ അവളുടെ പേര് നിഷ കൗര്‍ വെബര്‍ എന്നാകുമെന്നും സണ്ണി പറഞ്ഞു.