സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടു. 'രംഗീല' എന്നാണ് സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയലാല്‍ മേനോനാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടു.

തന്റെ മലയാള സിനിമയിലെ അരങ്ങേറ്റത്തില്‍ ഏറെ ആവേശമുണ്ടെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍പ് ചില മലയാളം പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളിലൊന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നില്ല.

ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും. മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. പോണ്‍ ഇന്റസ്ട്രിയിലെ കരിയര്‍ അവസാനിപ്പിച്ച് 2012ലാണ് സണ്ണി ലിയോണ്‍ ബോളിവുഡിലേക്ക് എത്തുന്നത്. ജിസം 2 ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. ഷൂട്ടൗട്ട് അറ്റ് വഡാല, ജാക്‌പോട്ട്, രാഗിണി എംഎംഎസ് 2 തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അവരുടേതായി പിന്നാലെയെത്തി.