മലയാള താരങ്ങളുടെ മറുഭാഷാ പ്രോജക്ടുകള്‍ ഇക്കാലത്ത് വലിയ വാര്‍ത്തയല്ല. തെന്നിന്ത്യന്‍ ഇന്റസ്ട്രികള്‍ തമ്മില്‍ മുന്‍ കാലത്തേക്കാള്‍ കൊടുക്കല്‍വാങ്ങലുകളുള്ള കാലത്ത് അത്തരം പ്രോജക്ടുകള്‍ കൂടുതലായി സംഭവിക്കുന്നുണ്ട്. സണ്ണി വെയ്‌നാണ് ഏറ്റവുമൊടുവില്‍ മറ്റൊരു ഭാഷയില്‍ വേഷം ചെയ്യുന്നത്. തമിഴില്‍ സണ്ണിയുടെ അരങ്ങേറ്റ ചിത്രമായ 'ജിപ്‌സി'യെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്ററും പുറത്തെത്തിയിരിക്കുകയാണ്.

മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശന്‍ ഒരുക്കുന്ന ജിപ്‌സിയിലൂടെയാണ് സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 'സഖാവ് ബാലന്‍' എന്നാണ് സണ്ണിയുടെ കഥാപാത്രത്തിന്റെ പേര്. ജീവയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ലാല്‍ ജോസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. രാജുവിന്റെ നാലാമത് ചിത്രമാണ് ജിപ്‌സി.