പൃഥ്വിരാജിന് ശേഷം സണ്ണി വെയ്‍നും സ്വന്തം നിര്‍മ്മാണ കമ്പനി

സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയുള്ള താരങ്ങളുടെ നിരയിലേക്ക് സണ്ണി വെയ്‍നും. സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സ് എന്നുതന്നെയാണ് പുതുതായി ആരംഭിക്കുന്ന നിര്‍മ്മാണക്കമ്പനിയുടെ പേര്. എന്നാല്‍ സിനിമയല്ല സ്ഥാപനത്തിന്‍റെ ആദ്യ സംരംഭം എന്നതാണ് കൗതുകരം. മറിച്ച് ഒരു നാടകമായിരിക്കും തന്‍റെ ആദ്യ നിര്‍മ്മാണസംരംഭമെന്ന് സണ്ണി വെയ്‍ന്‍. ജിജു കൃഷ്ണ സംവിധാനം ചെയ്യുന്ന 'മൊമെന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്നാണ് നാടകത്തിന്‍റെ പേര്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് ആദ്യനിര്‍മ്മാണസംരംഭമായി ഈ നാടകം തെരഞ്ഞെടുത്തതെന്നും സ്കൂള്‍ കാലം മുതല്‍ തന്‍റെ ഹൃദയത്തില്‍ പതിഞ്ഞതാണ് നാടകമെന്നും സണ്ണി. ബിജിബാലാണ് നാടകത്തിന് സംഗീതം പകരുന്നത്.

പ്രിയമുള്ളവരെ,

കുറച്ച് നാളുകളായി ഉള്ള ഒരാഗ്രഹമായിരുന്നു ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുക എന്നുള്ളത്. നമുക്ക് ഇഷ്ടപ്പെടുന്ന ചില നല്ല സിനിമകള്‍ ചെയ്യാമല്ലോ എന്ന അതിമോഹമാണ് എന്നെ അതിനു പ്രേരിപ്പിച്ചത്. അങ്ങനെ സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ അതിപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്.

എന്തായിരിക്കണം നിങ്ങൾക്ക് മുന്നിൽ വെയ്ക്കണ്ട ആദ്യ പ്രൊജക്റ്റ്‌ എന്ന് ഒരുപാട് ചിന്തിച്ചു, സഹപ്രവർത്തകരോടും, സുഹൃത്തുക്കളോടും സംസാരിച്ചു, ചർച്ചചെയ്തു. ഓര്‍മകളിലെ സ്കൂള്‍ കാലം മുതല്‍ നാടകം ഹൃദയത്തില്‍ പതിഞ്ഞത് കൊണ്ടായിരിക്കാം, അത് എന്നെ എത്തിച്ചത് ലിജു കൃഷ്ണ എന്ന കലാകാരനിലേക്കും അദ്ദേഹത്തിന്റെ മൊമെന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിലേക്കും ആണ്. പിന്നെ, നാടകമാണല്ലോ ആദ്യം ഉണ്ടായത്?

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ സംരംഭമായി ഞങ്ങള്‍ അവതരിപ്പിക്കുന്നത് ഒരു നാടകമാണ് എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. ലിജു കൃഷ്ണയുടെ രചന, സംവിധാനത്തിൽ മനോജ്‌ ഒമെൻ, ശരൺ മോഹൻ, സിദ്ധാര്‍ത് വര്‍മ തുടങ്ങിയവരാണ് ഇതില്‍ അഭിനേതാക്കള്‍. നമുക്കെല്ലാം പ്രിയങ്കരമായ ജെടി പാക് തിയറ്ററില്‍ വച്ച് ഒരു സ്പെഷ്യല്‍ ഷോ ആയാണ് ഇത് നടത്തുന്നത്. തുടര്‍ന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് നിങ്ങളിലേക്ക് എത്തിക്കുന്നതിനായി മറ്റു ഷോകളും നടത്തുന്നതായിരിക്കും.

എല്ലാ ഗുരുക്കന്മാരെയും ഓര്‍ത്തുകൊണ്ട് ഈ എളിയ സംരംഭം നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. പുതുമകളെ എന്നും ഇഷ്ടപെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള നിങ്ങൾ ഒപ്പമുണ്ടാകുംഎന്ന് പ്രതീക്ഷിച്ചുകൊണ്ട്, ഞങ്ങള്‍ മുന്നോട്ടുപോകുന്നു.

ഒരുപാട് സ്നേഹത്തോടെ

സണ്ണി വെയിന്‍

താരങ്ങളും സംവിധായകരുമടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ സ്വന്തമായി നിര്‍മ്മാണസംരംഭങ്ങള്‍ തുടങ്ങുന്ന ട്രെന്‍റിന്‍റെ അവസാന ഉദാഹരണമായിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് പൃഥ്വിയുടെ നിര്‍മ്മാണക്കമ്പനിയുടെ പേര്. ജെനൂസ് മുഹമ്മദിന്‍റെ രണ്ടാംചിത്രം 9 ആണ് പൃഥ്വി ആദ്യമായി നിര്‍മ്മിക്കുന്നത്. സോണി പിക്ചേഴ്സുമായി ചേര്‍ന്നാണ് പൃഥ്വി താന്‍ നായകനും കൂടിയായ ചിത്രം നിര്‍മ്മിക്കുന്നത്.