'ചിത്രം' സിനിമയില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും തന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച ട്രോളിനെതിരെയാണ് രഞ്ജിനി പ്രതികരിച്ചത്.

സ്ത്രീകളെ മോശമായി പരാമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്ന് തങ്ങളുടെ ആരാധകരെ തടയേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പര്‍താരങ്ങള്‍ക്കാണെന്ന് നടി രഞ്ജിനി. ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്നും എന്നാല്‍ സ്ത്രീകളെ നിസ്സാരമായി പരിഹസിച്ചുകൊണ്ടുള്ളവ അങ്ങനെ അവഗണിക്കാനാവില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രം സിനിമയില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും തന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച ട്രോളിനെതിരെയാണ് രഞ്ജിനി പ്രതികരിച്ചത്. പ്രായം കൂടുതലാണെന്ന് പറഞ്ഞ് തന്നെ വേണ്ടെന്നുവച്ച പെണ്‍കുട്ടിയെ ഒരു പുരുഷന്‍ അവളുടെ വിവാഹ ശേഷം കണ്ടുമുട്ടുന്നുവെന്ന ആശയത്തില്‍ ഉള്ളതാണ് ട്രോള്‍. ആദ്യഭാഗത്ത് രഞ്ജിനിയുടെയും മോഹന്‍ലാലിന്റെയും 'ചിത്ര'ത്തില്‍ നിന്നുള്ള ഇമേജുകള്‍ ഉപയോഗിച്ചപ്പോള്‍ രണ്ടാംഭാഗത്ത് രഞ്ജിനിയുടെ പില്‍ക്കാലത്തെ ഫോട്ടോ (സിനിമയില്‍ നിന്നല്ലാത്ത) ആണ് ഉപയോഗിച്ചിരിക്കുന്നത്. 

ട്രോളിന് മറുട്രോളും പോസ്റ്റില്‍ തന്നെ ചേര്‍ത്തിട്ടുണ്ട് രഞ്ജിനി. സിനിമയ്ക്ക് പുറത്തുനിന്നുള്ള മോഹന്‍ലാലിന്റെ ഒരു ചിത്രവും ചേര്‍ത്തുവച്ചാണ് അത്. ഇത്തരം ട്രോളുകള്‍ക്കെതിരേ നിയമത്തിന്റെ വഴി സ്വീകരിക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നും പറയുന്നു രഞ്ജിനി, മറുട്രോള്‍ തയ്യാറാക്കാന്‍ സഹായിച്ചത് ഭര്‍ത്താവാണെന്നും.