Asianet News MalayalamAsianet News Malayalam

ഓര്‍മ്മയില്ലേ, ആ ക്യാമ്പസ് സൗഹൃദങ്ങള്‍- വീഡിയോ

Superhit Malayalam campus films
Author
Thiruvananthapuram, First Published Nov 21, 2016, 6:27 AM IST

വെബ് ഡെസ്ക്

മലയാളത്തില്‍ വീണ്ടും ക്യാമ്പസ് വസന്തമാണ്. ക്യാമ്പസ് കഥ പറഞ്ഞ പുതുമുഖങ്ങളുടെ ആനന്ദം  നിറഞ്ഞസദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ക്യാമ്പസ് പ്രമേയമാക്കി നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍‌ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ്,  കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം, ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കന്‍ അപാരത, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാജിദ് ജഗദ്നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്നിവയാണ് ക്യാമ്പസ് കഥ പ്രമേയമായി ഒരുങ്ങുന്ന സിനിമകള്‍. വീണ്ടും ക്യാമപസ് മലയാള സിനിമയില്‍ നിറയുമ്പോള്‍, സൂപ്പര്‍ഹിറ്റായ പഴയ കലാലയ സിനിമകള്‍ ഓര്‍മ്മയിലേക്ക്. ഇതില്‍ ഉള്‍പ്പെടാത്തവ വായനക്കാര്‍ക്ക് പൂരിപ്പിക്കാം.

സര്‍വ്വകലാശാല

മോഹന്‍ലാല്‍ ലാലേട്ടനായി അഭിനയിച്ച സിനിമയാണ് സര്‍വ്വകലാശാല.  മൂന്നു തവണ എംഎം ബിരുദമെടുത്തിട്ടും കോളേജ് വിട്ടുപോകാത്ത കഥാപാത്രം. ഏകാന്തത ഒഴിവാക്കാനായി ക്യാമ്പസിനൊപ്പം ജീവിക്കുന്ന ലാല്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിച്ച സര്‍വ്വകലാശാല 1987ലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചെറിയാന്‍ കല്‍പ്പവാടിയുടെ തിരക്കഥയില്‍ വേണു നാഗവള്ളിയാണ് സിനിമ സംവിധാനം ചെയ്‍തത്.  മോഹന്‍ലാലിനു പുറമേ ജഗതി, സുകുമാരന്‍, ശ്രീനാഥ്, സന്ധ്യ തുടങ്ങിയവരുമായിരുന്നു സിനിമയിലെ അഭിനേതാക്കള്‍.

നമ്മള്‍

അനാഥരായി വളര്‍ന്ന ശ്യാമിന്റെയും ശിവന്റെയും സൗഹൃദത്തിന്റെ കഥയാണ് ക്യാമ്പസ് പശ്ചാത്തലത്തില്‍ നമ്മള്‍ പറയുന്നത്. ഇവരുടെ സൗഹൃദത്തിനു പുറമേ ക്യാമ്പസിലെ കുസൃതികളും പ്രണയവുമെല്ലാം സിനിമയില്‍ നിറയുന്നു. ശ്യാമിനെ സിദ്ധാര്‍‌ഥും ശിവനെ ജിഷ്‍ണുവും അവതരിപ്പിച്ചു. ബാലചന്ദ്രമേനോന്‍,  സുഹാസിനി,  ഇന്നസെന്റ്, രേണുകാ മേനോന്‍, ഭാവന തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ബാലമുരളീകൃഷ്ണയുടെ കഥയ്‍ക്ക് കലവൂര്‍ രവികുമാര്‍ ആണ് തിരക്കഥ എഴുതിയത്. കമല്‍ സംവിധാനം ചെയ്‍ത സിനിമ പുറത്തിറങ്ങിയത് 2002ലാണ്.


നിറം

മലയാളത്തിലേക്ക്, അന്നത്തെ കാലത്ത് വീണ്ടും ക്യാമ്പസ് സിനിമകളെ മടക്കിക്കൊണ്ടുവന്ന ചിത്രമാണ് നിറം. കുട്ടിക്കാലം മുതലേ ഒന്നിച്ചുകളിച്ചു വളര്‍ന്ന സോനയും എബിയും ഇഴപിരിയാത്ത സുഹൃത്തുക്കളാകുകയും പിന്നീട് അവര്‍ തങ്ങളുടെ പ്രണയം തിരിച്ചറിയുകയും ചെയ്യുകയാണ്. സോനയെ ശാലിനിയും എബിയെ കുഞ്ചാക്കോ ബോബനുമാണ് അവതരിപ്പിച്ചത്. ശത്രുഘ്നന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്‍ത സിനിമ പുറത്തിറങ്ങിയത് 1999ലാണ്.


ചോക്ലേറ്റ്

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു കോളേജില്‍ വിദ്യാര്‍ഥിയായി എത്തുന്ന നായകന്റെ കഥയാണ് ചോക്ലേറ്റ് പറയുന്നത്. അതുതന്നെയാണ് സിനിമയുടെ കൗതുകവും. പൃഥ്വിരാജ് നായകനായി അഭിനയിച്ചപ്പോള്‍ റോമയായിരുന്നു നായിക. സംവൃതയും രമ്യാ നമ്പീശനും ജയസൂര്യയും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തി. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ സംവിധാനം ചെയ്‍തത് ഷാഫിയാണ്.


ക്ലാസ്മേറ്റ്സ്

സ്കൂളുകളിലും ക്യാമ്പസ്സുകളിലുമെല്ലാം പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലിനു വഴിയൊരുക്കിയ സൂപ്പര്‍ഹിറ്റ് സിനിമയാണ് ക്ലാസ്മേറ്റ്സ്. സുഖമേറിയ, ക്യാമ്പസ്സിലെ ആ സൗഹൃദകാലത്തിന്റെ നനുത്ത ഓര്‍മ്മ സമ്മാനിക്കുന്ന സിനിമയായിരുന്നു ക്ലാസ്മേറ്റ്സ്.  പ്രിഥ്വിരാജും ഇന്ദ്രജിത്തും നരേനും ജയസൂര്യയും കാവ്യമാധവനും രാധികയും ബാലചന്ദ്രമേനോനും ജഗതി ശ്രീകുമാറുമെല്ലാം മത്സരിച്ച് അഭിനയിച്ച സിനിമ. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്‍ത സിനിമ പുറത്തിറങ്ങിയത് 2006ലാണ്.

Follow Us:
Download App:
  • android
  • ios