സിനിമാതാരങ്ങള്‍ മത്സരിക്കുന്നില്ലെങ്കിലും പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ സിനിമാ താരങ്ങള്‍ ഇറങ്ങിയ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍. ആസിഫ്അലിയും,ജയരാജ് വാര്യരും,ഇര്‍ഷാദും തുടങ്ങി സുരാജ് വെഞ്ഞാറമ്മൂട് വരെ മട്ടന്നൂരില്‍ ഇപി ജയരാജന് വോട്ടഭ്യര്‍ത്ഥിച്ച് വന്നുക്കഴിഞ്ഞു.

സുരാജ് വെഞ്ഞാറമ്മൂടാണ് പ്രചാരണത്തിന് വന്നതെങ്കിലും വി എസ് അച്യുതാനന്ദനും, മമ്മൂട്ടിയും മോഹന്‍ലാലും വന്ന അനുഭവമായിരുന്നു മട്ടന്നൂരുകാര്‍ക്ക്. കളിയും തമാശയും മിമിക്രിയുമായി തുടങ്ങിയെങ്കിലും രാഷ്‌ട്രീയത്തെക്കുറിച്ചും സ്ഥാനാര്‍ത്ഥിയെക്കുറിച്ചും പറഞ്ഞപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂട് സീരിയസ്സായി.

2011ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാഭവന്‍ മണിയായിരുന്നു മട്ടന്നൂരില്‍ എത്തിയത്. മണിയുമായുള്ള ആത്മബന്ധം ഇപിയും സുരാജും വേദിയില്‍ പങ്കുവച്ചു. സുരാജിന് പുറമെ ആസിഫ് അലിയും, ജയരാജ് വാര്യരും, ഇര്‍ഷാദും മട്ടന്നൂരില്‍ ഇപിക്ക് വോട്ട് ചോദിച്ചു വന്നു പോയിരുന്നു. കെ പി എ സി ലളിതയും വരും ദിവസങ്ങളില്‍ മട്ടന്നൂരില്‍ എത്തുന്നുണ്ട്.