സുരേഷ് ഗോപി വെള്ളിയാഴ്ച്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി ദില്ലിയിലെത്തിയ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താനായില്ല. വെള്ളിയാഴ്ച്ച പ്രധാനമന്ത്രിയെയും ബിജെപി അദ്ധ്യക്ഷനെയും കണ്ടതിന് ശേഷമാകും താൻ സത്യപ്രതിജ്ഞ ചെയ്യുകയെന്ന് സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാർലമെന്‍റിന്‍റെ പടവുകളിൽ വന്ദിച്ചാണ് സുരേഷ് ഗോപി പാർലമെന്‍റിലേക്ക് കടന്നത് .രാജ്യസഭാ സെക്രട്ടേറിയേറ്റിലെത്തി സത്യപ്രതിജ്ഞയ്‍ക്കു മുന്നോടിയായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാജ്യസഭാ ഉപാദ്ധ്യക്ഷൻ പിജെ കൂര്യൻ, വയലാർ രവി, കേന്ദ്രമന്ത്രി ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. വെള്ളിയാഴ്ചയാകും സത്യപ്രതിജ്‌ഞ.
പ്രധാനമന്ത്രി തിരക്കിലായതിനാൽ ഇന്ന് കൂടിക്കാഴ്ച സാദ്ധ്യമായില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ നിന്ന് ഇനിയും സർപ്രൈസുകൾ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി ആക്ഷൻ ഹീറോ മറുപടി പുഞ്ചിരിയിലൊതുക്കി.
