തിരുവനന്തപുരം: ശ്രീപത്മാനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗായകന്‍ കെ.ജെ യേശുദാസിന്‍റെ അപേക്ഷയില്‍ പ്രതികരിച്ച് ബിജെപി എംപി സുരേഷ് ഗോപി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് പ്രത്യേക ദൂതന്‍ വഴി യേശുദാസ് ശനിയാഴ്ച അപേക്ഷ സമര്‍പ്പിച്ചത്. 

വിഷയത്തില്‍ ഭക്തരുടെ വികാരം വ‍ൃണപ്പെടുത്തി അഭിപ്രായം പറയുന്നില്ല. എങ്കിലും യേശുദാസ് ക്ഷേത്രത്തില്‍ കയറുന്നതില്‍ താല്‍പ്പര്യകുറവില്ല. എല്ലാവര്‍ക്കും ശരിയാണെന്ന് തോന്നുന്നുവെങ്കില്‍ അത് നടക്കും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നാണ് യേശുദാസ് അപേക്ഷയില്‍ സൂചിപ്പിക്കുന്നത്. 

തിങ്കളാഴ്ച ചേരുന്ന ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് രതീശന്‍ അറിയിച്ചു. ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിയുടെ അഭിപ്രായവും യോഗം തേടും. സാധാരണയായി ഹിന്ദുമത വിശ്വാസികളെയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. എന്നാല്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിക്കാറുണ്ട്. 

ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍,ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചലോ ഇവിടെ പ്രവേശനം നേടാം. മൂകാംബികയിലും ശബരിമലയിലുമൊക്കെ യേശുദാസ് ദര്‍ശനം നടത്താറുണ്ട്.