ചെന്നൈ: നടന്‍ വിക്രം തന്റെ ആരാധകന്റെ ഓട്ടോയില്‍ ഷൂട്ടിംഗ് സെറ്റിലേക്ക് പോയതിന് പിന്നാലെ കോളിവുഡില്‍ ആരാധകരുടെ മനംകുളിര്‍പ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ഇത്തവണ നടന്‍ സൂര്യയാണ് കഥയിലെ നായകന്‍. തന്റെ പുതിയ സിനിമയായ 'താനാ സേര്‍ന്ത കൂട്ട'ത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ സ്റ്റജിലേക്ക് ഓടിക്കയറി കാലില്‍ത്തൊട്ട ആരാധകരുടെ കാലില്‍ തിരിച്ചുതൊട്ടാണ് സൂര്യ സ്നേഹം പ്രകടിപ്പിച്ചത്.

ആരാധകര്‍ ഒരിക്കലും കാലില്‍ വീഴരുതെന്ന് സൂര്യതന്നെ മുമ്പ് പലതവണ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രിയതാരത്തെ അടുത്ത് കിട്ടിയപ്പോള്‍ ആരാധകര്‍ അതെല്ലാം മറന്നു. സ്റ്റേജിലെത്തിയ സൂര്യയോടൊപ്പം ഫോട്ടോ എടുക്കണമെന്ന് ഒരുകൂട്ടം ആരാധകര്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെ സ്റ്റേജിലേക്ക് കടത്തിവിടാന്‍ സൂര്യതന്നെയാണ് ആവശ്യപ്പെട്ടത്.

ഇവരില്‍ രണ്ടുപേരാണ് സൂര്യയുടെ കാലില്‍ വീണത്. തിരിച്ച് അവരുടെ കാലില്‍ വീണ സൂര്യയുടെ പ്രവര്‍ത്തി ആരാധകരെയും അമ്പരപ്പിച്ചു. ആരാധകര്‍ക്കൊപ്പം നൃത്തം ചെയ്യാനും താരം സമയം കണ്ടെത്തി.