ബഷീര്‍ ബഷിക്ക് നല്‍കിയ വാഗ്ദാനമനുസരിച്ചാണ് ബിഗ് ബോസ് അത്താഴമൊരുക്കിയത്.
എല്ലാ സുഖസൗകര്യങ്ങളോടും കൂടിയുള്ള ലക്ഷ്വറി ജീവിതമല്ല ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികള്‍ക്ക് പൂര്‍ത്തീകരിക്കാനുള്ളത്. അവശ്യംവേണ്ട ജീവിതസാഹചര്യങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ നിരവധി നിബന്ധനകള്‍ക്ക് വിധേയമായി വേണം അനുവദിച്ചിരിക്കുന്ന ദിവസങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ പൂര്‍ത്തീകരിക്കേണ്ടത്. ആശയവിനിമയ സംവിധാനങ്ങളും മാധ്യമങ്ങളും പൂര്‍ണമായും മാറ്റിനിര്‍ത്തിയിരിക്കുന്നു എന്നതാണ് ബിഗ് ബോസ് വീട്ടിനുള്ളില്‍ മത്സരാര്‍ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്ഷണ കാര്യങ്ങളിലുമുണ്ട് ബിഗ് ബോസിന്റെ നിബന്ധനകള്‍. ആഗ്രഹിക്കുന്നതെന്തും കഴിക്കാനുള്ള അവസരമൊന്നുമില്ല ബിഗ് ബോസില്‍. സ്ഥിരമായി സാധാരണ ഭക്ഷണമാണ് ലഭ്യമാക്കുന്നതെങ്കില്‍ ചില ലക്ഷ്വറി ബജറ്റ് ടാസ്‌ക് വിജയിച്ചാലോ മറ്റോ ആഗ്രഹിക്കുന്ന ഭക്ഷണം വിജയികള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ രണ്ടുപേര്‍ക്ക് 68ാം ദിവസമായിരുന്ന വെള്ളിയാഴ്ച എപ്പിസോഡില്‍ സര്‍പ്രൈസ് വിരുന്ന് നല്‍കി ബിഗ് ബോസ്.
ബഷീര്‍ ബഷിക്കും അരിസ്‌റ്റോ സുരേഷിനുമാണ് ബിഗ് ബോസ് അപ്രതീക്ഷിതമായി ഒരു വിരുന്നൊരുക്കിയത്. തലേദിവസം ബഷീര്‍ ബഷിക്ക് നല്‍കിയ വാഗ്ദാനമനുസരിച്ചാണ് ബിഗ് ബോസ് അത്താഴമൊരുക്കിയത്. കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിച്ച ബഷീറിനോട് ഒരു പ്രത്യേക അത്താഴം നിങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും അത്താഴം രണ്ടുപേര്‍ക്ക് ഉള്ളതാണെന്നും ബിഗ് ബോസ് അറിയിച്ചു. ഒന്നുകില്‍ ബഷീറിനും ബഷീര്‍ തെരഞ്ഞെടുക്കുന്ന മറ്റൊരാള്‍ക്കും പങ്കെടുക്കാമെന്നും അല്ലാത്തപക്ഷം ബഷീര്‍ തെരഞ്ഞെടുക്കുന്ന രണ്ടുപേര്‍ക്ക് പങ്കെടുക്കാമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ താന്‍ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞ ബഷീര്‍ അരിസ്റ്റോ സുരേഷിനെ കൂട്ട് വിളിക്കുകയായിരുന്നു. ഇതുപ്രകാരം തയ്യാറായി എത്തിയ ഇരുവരെയും കണ്ണുകള്‍ കെട്ടി ബിഗ് ബോസ് വീടിനോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. പ്രത്യേകം തയ്യാറാക്കിയ ഡൈനിംഗ് ഹാളിലായിരുന്നു ഇരുവര്‍ക്കും ഇഷ്ടഭക്ഷണം നല്‍കിയത്.
കഴിച്ച് ബാക്കിവന്ന ഭക്ഷണം മറ്റുള്ളവര്‍ക്കായി കൊണ്ടുപോകാമോ എന്ന ഇരുവരുടെയും ചോദ്യത്തിന് ആകാം എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി. ഇതനുസരിച്ച് ഫ്രൈഡ് റൈസും ആപ്പിള്‍ ജ്യൂസുമൊക്കെയായി ബിഗ് ബോസ് ഹൗസിലെ തങ്ങളുടെ സഹവാസികള്‍ക്കും സര്‍പ്രൈസ് ഒരുക്കി അരിസ്റ്റോ സുരേഷും ബഷീര്‍ ബഷിയും.
