ഒരു സിനിമ കാണണമെന്ന ആഗ്രഹം പേളി മാണി ഉള്‍പ്പെടെയുള്ളവര്‍ ഇക്കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. 

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്ന ഏഴ് മത്സരാര്‍ഥികള്‍ 86 ദിനങ്ങള്‍ അവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒട്ടേറെ നിബന്ധനകള്‍ക്ക് വിധേയമായാണ് 86 ദിനങ്ങള്‍ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമടക്കമുള്ള എല്ലാത്തരം ആശയവിനിമയ സാധ്യതകളും വിനോദോപാധികളുമൊക്കെ ഒഴിവാക്കി കഴിയുന്ന മത്സരാര്‍ഥികള്‍ക്ക് തിങ്കളാഴ്ച എപ്പിസോഡില്‍ മോഹന്‍ലാലിന്റെ സര്‍പ്രൈസ് ഉണ്ടായി.

ഒരു സിനിമ കാണണമെന്ന ആഗ്രഹം പേളി മാണി ഉള്‍പ്പെടെയുള്ളവര്‍ ഇക്കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ആഗ്രഹം സാധിച്ചുതരാമെന്ന് മോഹന്‍ലാല്‍ വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്ന ഏഴ് പേര്‍ക്കായി പ്രത്യേക സിനിമാപ്രദര്‍ശനം തിങ്കളാഴ്ച നടന്നു. മോഹന്‍ലാല്‍ അഭിനയിച്ച ഒരു സൂപ്പര്‍ഹിറ്റ് സിനിമയെന്നതല്ലാതെ ഏത് സിനിമയെന്ന് പറയാതെയാണ് മത്സരാര്‍ഥികളെ ആക്ടിവിറ്റി ഏരിയയിലേക്ക് ക്ഷണിച്ചത്. സാധാരണ തീയേറ്ററില്‍ ഒരു സിനിമ കാണാന്‍ പോകുന്നതുപോലെ ഒരുങ്ങാന്‍ നിര്‍ദേശിച്ച ബിഗ് ബോസ് ഇടയ്ക്ക് കഴിക്കാനുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ സ്റ്റോര്‍ റൂമില്‍ ഉണ്ടെന്നും അറിയിച്ചു. ആക്ടിവിറ്റി ഏരിയയിലേക്ക് പ്രവേശിച്ച മത്സരാര്‍ഥികളെ 1993ല്‍ പുറത്തിറങ്ങിയ ഫാസിലിന്റെ മോഹന്‍ലാല്‍ ചിത്രം മണിച്ചിത്രത്താഴിന്റെ പോസ്റ്ററുകളാണ് സ്വാഗതം ചെയ്തത്. മണിച്ചിത്ത്രാഴ് ആയിരുന്നു ബിഗ് ബോസ് ഹൗസില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച സിനിമ. തീയേറ്ററുകളിലേതുപോലെ ഇടയ്ക്ക് 10 മിനിറ്റ് ഇടവേളയും അനുവദിച്ചിരുന്നു.

ബഷീര്‍ ബഷിയാണ് ഈയാഴ്ച പുറത്തായ മത്സരാര്‍ഥി. ഷിയാസ് കരിം, അതിഥി റായ്, സാബുമോന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, ശ്രീനിഷ് അറവിന്ദ്, അരിസ്റ്റോ സുരേഷ് എന്നിവരാണ് ബിഗ് ബോസില്‍ അവശേഷിക്കുന്നത്.