സെലിബ്രിറ്റികളെ കാണാന്‍ മതില്‍ ചാടി കടന്നും മറ്റും ആരാധകര്‍ എത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ സൂപ്പര്‍ താരം മതില്‍ ചാടികടക്കേണ്ടി വന്നാലോ? അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ആരാധകരുടെ ബഹളം കാരണമാണ് സുപ്പര്‍ താരത്തിന് മതില് ചാടി കടക്കേണ്ടി വന്നത്. സൂര്യയാണ് ആരാധക കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗേറ്റ് ചാടി കടന്നത്.

പുതിയ ചിത്രമായ 'താനേ സേര്‍ന്ത കൂട്ടത്തിന്റെ' പ്രൊമോഷന് വേണ്ടി ആന്ധ്രാപ്രദേശിലെ റാഹമുട്രിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ സൂര്യയെ വളഞ്ഞത്. ഗ്യാങ് എന്ന പേരിലാണ് ആന്ധ്രയില്‍ സിനിമ റിലീസ് ചെയ്തത്. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലാണ് സൂര്യ എത്തിയത്. വലിയ ആരാധക കൂട്ടം ഇവിടെ എത്തിയിരുന്നു. 

 സൂര്യയ്ക്കൊപ്പം സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും വലിയ തിരക്ക് കാരണം താരത്തിന് സംരക്ഷണം ഒരുക്കാനായില്ല. വേദിയില്‍ എത്തിയ സൂര്യ ആരാധകരെ അഭിവാദ്യം ചെയ്തു. എന്നാല്‍ ഈ സമയത്തും വേദിയിലേക്ക് ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാരോട് സൂര്യ ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല.

 പരിപാടിക്ക് ശേഷം സൂര്യ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും ആരാധകര്‍ തമ്പടിച്ചിരുന്നു. താരത്തിനെ ഒന്ന് തൊടാന്‍ വേണ്ടിയായിരുന്നു ഇത്. അവരുടെ ഇടയില്‍പ്പെട്ട സൂര്യയ്ക്ക് പുറത്തേക്ക് കടക്കാന്‍ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ തിയേറ്ററിന്റെ ഗേറ്റ് ചാടികടക്കേണ്ടി വന്നു. എന്നാല്‍ സൂര്യയ്‌ക്കൊപ്പം ആരാധകരും ചാടി. താരത്തെ തൊടാനും ഫോട്ടോയെടുക്കാനും വീണ്ടും ശ്രമിച്ചു. ഏറെ പാടുപ്പെട്ടാണ് സുരക്ഷാജീവനക്കാര്‍ സൂര്യയെ കാറില്‍ കയറ്റിയത്.