സിനിമ രംഗത്തു നിന്നുണ്ടായ മോശം അനുഭവം വീണ്ടും തുറന്നു പറഞ്ഞ് നടി സ്വര ഭാസ്‍കര്‍. ബോളിവുഡിലെ ഒരു നിര്‍മ്മാതാവിന്റെ മാനേജര്‍ അപമര്യാദയായി പെരുമാറിയെന്നാണ് സ്വര ഭാസ്‍കര്‍ വെളിപ്പെടുത്തിയത്. ആ സാഹചര്യത്തെ നേരിട്ടത് തനിക്ക് മാത്രമേ അറിയൂ. ഒരുവിധത്തില്‍ അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നുവെന്നും സ്വര ഭാസ്‍കര്‍ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന്റെ പ്രോഗ്രാമിലാണ് സ്വര ഭാസ്‍കര്‍ ഇക്കാര്യം പറഞ്ഞത്.


എന്നെ കണ്ടതു മുതല്‍ അയാളുടെ നോട്ടം ഏതോ വസ്തുവിനെ നോക്കുന്നതു പോലെയായിരുന്നു. പെട്ടെന്ന് അയാള്‍ ചാടിയെഴുന്നേറ്റ് എന്റെ ചെവിയില്‍ ചുംബിക്കാന്‍ ശ്രമിച്ചു. ഐ ലവ് യു ബേബി എന്നു പറഞ്ഞുകൊണ്ടായിരുന്നു ചുംബിക്കാൻ ശ്രമിച്ചത്. അയാളുടെ വായില്‍ നിറയെ എന്റെ മുടിയാകുകയും ചെയ്‍തു- സ്വര ഭാസ്‍കര്‍‌ പറഞ്ഞു. ഹോളിവുഡില്‍ മി ടു ക്യാമ്പയിൻ തുടങ്ങാൻ ഒരുപാട് സമയം എടുത്തു. അതിജീവിച്ച സ്‍ത്രീകള്‍ക്ക് അമേരിക്കൻ മാധ്യമങ്ങളും സമൂഹവും പിന്തുണ പ്രഖ്യാപിക്കുകയും പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും ചെയ്‍തതോടെയാണ് നടിമാര്‍ തുറന്നുപറയാൻ തുടങ്ങിയത്- സ്വര ഭാസ്‍കര്‍ പറഞ്ഞു.