ബാഹുബലി രണ്ടാം ഭാഗത്തില്‍ തന്നെ അവഗണിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തമന്ന. തന്നെ അവഗണിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തമന്ന പറഞ്ഞു. ഒരു സത്യവുമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നത്. രാജമൗലി സാറിനും തനിക്കുമിടയില്‍ വാക്കുതര്‍ക്കം ഉണ്ടായിട്ടില്ല. സിനിമയുടെ പ്രമോഷന്‍ ഷോകള്‍ താന്‍ ഒഴിവാക്കിയിട്ടില്ലെന്നും തമന്ന പറഞ്ഞു. 

ക്ലൈമാക്‌സ് സീനില്‍ എന്റെ കഥാപാത്രം ഇല്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. സിനിമയില്‍ എന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കിയിരുന്നു.ക്ലൈമാക്‌സ് പോര്‍ഷനില്‍ വരുമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍ പല മാധ്യമങ്ങളും എന്റെ വാക്കുകള്‍ തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തത്-തമന്ന പറഞ്ഞു. 

സിനിമയുടെ ആദ്യ ഷോ കഴിഞ്ഞത് മുതല്‍ ഇത് സംബന്ധിച്ച് ആരാധകര്‍ അന്വേഷിച്ചിരുന്നുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു. ഫോണിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ആരാധകര്‍ ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് മറുപടി നല്‍കാന്‍ തീരുമാനിച്ചതെന്നും തമന്ന പറഞ്ഞു. സിനിമയില്‍ അവഗണിച്ചതിനെ തുടര്‍ന്ന് പ്രമോഷന്‍ ഷോകള്‍ തമന്ന ഒഴിവാക്കിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.