ബാല്യകാല സുഹൃത്തിന്റെ സഹോദരിയുടെ കുടുംബത്തെ അവരുടെ കഷ്ടകാലത്ത് സഹായിക്കാനായി ജ്വല്ലറി വാങ്ങിയതാണെങ്കിലും സംരംഭം വിജയകരമായി നടത്താനാവാതെ വന്നതോടെ വിജയകാന്ത് വിൽക്കുകയായിരുന്നു.

തിരുവനന്തപുരം: അതിവേഗം ജ്വലിച്ചുയര്‍ന്ന് അതുപോലെ പൊലിഞ്ഞുവീണ രാഷ്ട്രീയ ജീവിതത്തിന്റെ കൂടി ഉടമയാണ് വിജയകാന്ത്. ഡിഎംഡികെ എന്ന പാര്‍ട്ടി രൂപീകരിച്ച് ഏഴുവര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ തമിഴ്നനാടിന്രെ പ്രതിപക്ഷ നേതാവായി വരെ ഉയര്‍ന്ന നേതാവ്. എന്നാൽ തിരുവനന്തപുരവുമായി അപൂർവ്വബന്ധമായിരുന്നു വിജയകാന്തിനുണ്ടായിരുന്നത്. മധുരയിൽ അരിമില്ലുടമയായിരുന്ന പിതാവ് അളഗർസാമിയുടെ ബിസിനസ് പാത പിന്തുടർന്ന് തിരുവനന്തപുരത്ത് ചാലയിൽ ഗോൾഡ് കവറിംഗ് ജ്വല്ലറി ഉടമയായത് അപ്രതീക്ഷിതമായിരുന്നു. ബാല്യകാല സുഹൃത്തിന്റെ സഹോദരിയുടെ കുടുംബത്തെ അവരുടെ കഷ്ടകാലത്ത് സഹായിക്കാനായി ജ്വല്ലറി വാങ്ങിയതാണെങ്കിലും സംരംഭം വിജയകരമായി നടത്താനാവാതെ വന്നതോടെ വിജയകാന്ത് വിൽക്കുകയായിരുന്നു. രാഷ്ട്രീയ യുദ്ധക്കളത്തില്‍ കുതന്ത്രങ്ങള്‍ ഒരുക്കി പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പോയൊരു മനുഷ്യസ്നേഹി കൂടിയാണ് 71ാം വയസിൽ വിടവാങ്ങുന്നത്. 

ദേശീയ മൂപ്പോര്‍ക്ക് ദ്രാവിഡ കഴകത്തിന്റെ സ്ഥാപക നേതാവ്. ഒരുകാലത്ത് തമിഴ്നാടിന്റെ പ്രതിപക്ഷ കസേര അലങ്കരിച്ച, ജയലളിതയോടും കരുണാനിധിയോടും നേര്‍ക്കുനേര്‍ പോരാടിയ ആമ്പിളൈ സിങ്കമായിരുന്നു വിജയകാന്ത്. കറുത്ത എംജിആര്‍ എന്നും പുരട്ഛി കലൈഞ്ജര്‍ എന്നും തമിഴ് മക്കള്‍ ആര്‍പ്പുവിളിച്ച അവരുടെ തലൈവര്‍. സിനിമയില്‍ പോലെ തന്നെ പെരുമ്പറ കൊട്ടി ശോഭിച്ച ഒരു കാലഘട്ടത്തിന്രെ അടയാളം കൂടിയാണ് വിജയകാന്തിന്റെ രാഷ്ട്രീയജീവിതം. ഒപ്പം മാറിമറിഞ്ഞ തമിഴക രാഷ്ട്രീയത്തിന്റെ ജീവിതപാഠവും.

ഡിഎംകെയും അണ്ണാഡിഎംകെയും അരങ്ങുനിറഞ്ഞാടിയ കാലത്താണ് സിനിമയില്‍ സൂപ്പര്‍സ്റ്റായി നിറഞ്ഞുനില്‍ക്കുമ്പോഴാണ് വിജയകാന്ത് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2005 സെപ്തംബറില്‍ പാര്‍ട്ടി രൂപീകരിച്ചു. ആരുമായും ചങ്ങാത്തം കൂടാതെ ഒറ്റയ്ക്ക് നിന്ന് പോരാടി. താരപ്രഭയും ആരാധക പിന്തുണയും കയ്യും കണക്കുമില്ലാതെ വാരിക്കോരി പണം ചെലവാക്കാനുള്ള മനസ്സും അതിനൊത്ത സമ്പത്തും ഇതെല്ലാം ജനങ്ങളിലേക്കെത്തിക്കാന്‍ സ്വന്തം ചാനലായ ക്യാപ്റ്റന്‍ ടിവിയും. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുശതമാനം വോട്ടുനേടി. മറ്റെല്ലായിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോറ്റെങ്കിലും വിരുതാചലത്ത് നിന്ന് വിജയകാന്ത് ജയിച്ചുകയറി. 2009ലെ ലോക്സസഭാ തിരഞ്ഞെടുപ്പില്‍ എങ്ങും വിജയിച്ചില്ലെങ്കലും വോട്ടുബാങ്ക് പത്തുശതമാനമാക്കി. അണ്ണാ ഡിഎംകെ വോട്ടുകള്‍ വിജയകാന്തിലേക്ക് ഒഴുകി. എന്നാൽ ഇതിന്റെ നേട്ടം കൊയ്തത് കരുണാനിധിയായിരുന്നു. 

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയുമായി വിജയകാന്ത് സഖ്യമുണ്ടാക്കി. വന്‍ഭൂരിപക്ഷത്തില്‍ സഖ്യം ഭരണം പിടിച്ചു. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയ ജയലളിത വിജയകാന്തിനെ പ്രതിപക്ഷ ബഞ്ചിലിരുത്തുകയായിരുന്നു. ഇന്ന് തമിഴകം ഭരിക്കുന്ന ഡിഎംകെയെ പിന്തള്ളി അന്ന് വിജയകാന്തിന്റെ പാര്‍ട്ടി തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി.ജയയുമായി കൂട്ടുകൂടിയതോടെ മുന്നോട്ടുവച്ച നിലപാടുകള്‍ക്ക് പിന്നെ അര്‍ഥമില്ലാതായി. കൂടെ നിന്ന എംഎല്‍എമാര്‍ കൂടി ക്യാപ്റ്റനെ പിന്നില്‍ നിന്നും കുത്തി മറുകണ്ടം ചാടി. 

പിന്നീട് രാഷ്ട്രീയത്തിൽ ഒരു ഉയിര്‍പ്പ് വിജയകാന്തിന് ഉണ്ടായില്ല. ജയയും കരുണാനിധിയും മരിച്ചശേഷം ഒരു ഉയര്‍ത്തേഴുന്നേല്‍പ്പിനുള്ള ആരോഗ്യം പാര്‍ട്ടിക്കോ വിജയകാന്തിനോ ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തില്‍ വളര്‍ന്നപോല തളര്‍ന്നുപോയെങ്കിലും തമിഴന്റെ മനസ്സിലും അവരുടെ നാഡീമിടുപ്പിലും ജ്വലിച്ച് നിന്ന അവരുടെ തലൈവനാണ് വിജയകാന്ത്. ജയലളിത-കരുണാനിധി കാലത്ത് അവരുടെ മുഖത്ത്നോക്കി വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച അസാമാന്യപ്രതിഭ കൂടിയാണ് വിടവാങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം