ചെന്നൈ: വന്‍ഹിറ്റെന്ന് പറയുന്ന പല തമിഴ്പടങ്ങളും സൂപ്പര്‍ഫ്ലോപ്പുകളായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ തമിഴ് സിനിമയെ പിടിച്ച് കുലുക്കുന്നു. അടുത്തിടെ ഇറങ്ങിയ പല സൂപ്പര്‍താര ചിത്രങ്ങളും നൂറുകോടി നേടിയെന്ന അവകാശവാദവുമായി രംഗത്ത് വന്നതില്‍ രോഷകുലരായ വിതരണക്കാരാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം സിങ്കം 3, ഭൈരവ എന്നീ ചിത്രങ്ങളുടെ കണക്കുകള്‍ വ്യാജമായി പറയുന്നു എന്ന് ആരോപിച്ച് വിജയ്, സൂര്യ എന്നിവരെ വിലക്കാന്‍ വിതരണക്കാര്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

പലചിത്രങ്ങളും ചെന്നൈ പോലുള്ള നഗരപ്രദേശങ്ങളില്‍ വലിയ വിജയം നേടുന്നെങ്കിലും തമിഴ്നാട്ടിലെ മറ്റുഇടങ്ങളില്‍ വന്‍ നഷ്ടമാണുണ്ടാക്കുന്നത് എന്നാണ് വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ നഷ്ടം പറയുന്ന വിതരണക്കാരില്‍ പ്രമുഖന്‍ തിരുപ്പൂർ സുബ്രഹ്മണ്യനാണ്. രജനീകാന്ത് ചിത്രം കബാലി, ധനുഷ് ചിത്രം തൊടാരി, റെമോ, കത്തി സണ്ഡൈ, ഭൈരവാ, സിങ്കം 3, ബോഗൻ എന്നീ ചിത്രങ്ങൾ പരാജയമായിരുന്നെന്നാണ് ഇദ്ദേഹം തുറന്നടിച്ചത്.

കൊയമ്പത്തൂര്‍ മേഖലയിലെ പ്രമുഖ വിതരണക്കാരനായ ഇദ്ദേഹം, 1000ത്തോളം സ്ക്രീനുകളില്‍ പടം വിതരണം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ വെറും ആരോപണമായി കരുതരുത് എന്നാണ് കോളിവുഡിലെ അണിയറ വര്‍ത്തമാനം. താരങ്ങളുടെ പേര് കാണിച്ച് അഡ്വാന്‍സായി വാങ്ങുന്ന വലിയ തുക കളക്ഷനാണ് എന്നാണ് നിര്‍മ്മാതാക്കളുടെ പലരുടെയും അവകാശവാദം എന്ന് വിതരണക്കാര്‍ ആരോപിക്കുന്നു. 

2016 ൽ പുറത്തിറങ്ങിയ സൂപ്പര്‍താരങ്ങളുടെ ഏഴ് ചിത്രങ്ങളും വിതരണക്കാർക്ക് വലിയ നഷ്ടമായിരുന്നുവെന്നാണ് വിതരണക്കാരുടെ അവകാശവാദം. എന്നാൽ ഈ ചിത്രങ്ങള്‍ ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റാണെന്നാണ് കബാലി നിര്‍മ്മാവ് കലൈപുലി എസ് താനു അടക്കമുള്ള നിർമാതാക്കൾ അവകാശപ്പെടുന്നത്. അതിനിടെ വിജയ് അഭിനയിച്ച ഭൈരവയുടെ അമേരിക്കന്‍ റിലീസ് ഏറ്റെടുത്ത വരുണും പടം നഷ്ടമാണെന്ന് പരസ്യമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം താരങ്ങളെ വിലക്കാന്‍ ഇല്ലെന്നും, താരങ്ങളുടെ ചിത്രങ്ങള്‍ വാങ്ങുവാന്‍ മൂന്‍കൂര്‍ വലിയ പണം മുടക്കുന്ന രീതി നിര്‍ത്താനാണ് ആലോചന എന്നാണ് വിതരണക്കാരുടെ സംഘടന പറയുന്നു. എന്നാല്‍ താരസംഘടനകളോ, നിര്‍മ്മാതാക്കളുടെ സംഘടനകളോ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തമിഴ് സിനിമയിലെ നിര്‍മ്മാണ രംഗത്ത് വലിയ ചലനം വിതരണക്കാരുടെ പുതിയ നിലപാട് ഉണ്ടാക്കുമെന്നാണ് കോളിവുഡ് നിരീക്ഷകര്‍ പറയുന്നുത്.