ചെന്നൈ: തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് തിയറ്ററുടമകളുടെ സംഘടന. വര്‍ദ്ധിപ്പിച്ച ടിക്കറ്റ് നിരക്കില്‍ കൂടുതല്‍ തിയറ്ററുകളില്‍ നിന്ന് ഈടാക്കില്ലെന്നും തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും വെള്ളത്തിനും ഭക്ഷണത്തിനും ഇനി എംആര്‍പിയില്‍ കൂടുതല്‍ ഈടാക്കില്ലെന്നും സംഘടന വ്യക്തമാക്കി.

കുടിവെള്ളം തിയറ്ററിലേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് പ്രേക്ഷകരെ തടയില്ല. തിയറ്ററുകളിലോ മള്‍ട്ടിപ്ലക്‌സുകളിലോ ഇനി പാര്‍ക്കിംഗ് ചാര്‍ജുകളുണ്ടാകില്ല. ഓണ്‍ലൈന്‍ ബുക്കിംഗ് ചാര്‍ജുകള്‍ കുറയ്ക്കുമെന്നതടക്കമുള്ള നിരവധി ജനകീയ തീരുമാനങ്ങളാണ് സംഘടന കൈകൊണ്ടിരിക്കുന്നത്.

സര്‍ക്കാര്‍ അംഗീകൃതനിരക്കുകളില്‍ കൂടുതല്‍ ടിക്കറ്റിന് ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അത്തരം തിയറ്ററുകളില്‍ സിനിമ റിലീസിംഗ് തടയുന്നതുള്‍പ്പടെ കടുത്ത നടപടികളെടുക്കുമെന്നും തിയറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്.