Asianet News MalayalamAsianet News Malayalam

നടന്‍ വിജയ്ക്കെതിരെ നടപടിയെടുക്കും; 'സര്‍ക്കാര്‍' സിനിമ ഭീകരവാദ പ്രവര്‍ത്തനമെന്ന് നിയമമന്ത്രി

ചിത്രത്തില്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടന്‍ വിജയ്ക്കെതിരെയും സംവിധായകന്‍ എ ആര്‍ മുരുഗദോസിനെതിരെയും നിര്‍മ്മാതാവിനെതിരെയും ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്‍റെ പോസ്റ്ററുകളില്‍ വിജയ് സിഗരറ്റ് വലിക്കുന്ന ഫോട്ടോ നല്‍കിയിരുന്നു.  

Tamil Nadu Minister against actor vijay and his movie sarkar
Author
Chennai, First Published Nov 8, 2018, 6:17 PM IST

ചെന്നൈ: തമിഴ് നടന്‍ വിജയുടെ ഏറ്റവും പുതിയ ചിത്രം 'സര്‍ക്കാര്‍' നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് തമിഴ്നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്‍. സര്‍ക്കാറില്‍ സംഭവിക്കുന്നത് ഭീകരവാദപ്രവര്‍ത്തനാണ്. സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു. 

വിജയ്ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കും. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ചിത്രം പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം അധിക്ഷേപകരമായ സീനുകള്‍ വെട്ടിമാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂര്‍ സി രാജ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണുമെന്നും രാജ പറഞ്ഞു. 

ചിത്രത്തില്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടന്‍ വിജയ്ക്കെതിരെയും സംവിധായകന്‍ എ ആര്‍ മുരുഗദോസിനെതിരെയും നിര്‍മ്മാതാവിനെതിരെയും ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്‍റെ പോസ്റ്ററുകളില്‍ വിജയ് സിഗരറ്റ് വലിക്കുന്ന ഫോട്ടോ നല്‍കിയിരുന്നു.  

ബോക്സോഫീസ് തകര്‍ത്ത് രണ്ട് ദിവസം കൊണ്ട് 100 കോടിയാണ് സര്‍ക്കാര്‍ നേടിയ കളക്ഷന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ക്ഷേമ പദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന മധുരയിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററിന് മുന്നില്‍ എഐഎഡിഎംകെ നേതാക്കള്‍ പ്രതിഷേധിച്ചു. വിവാദ രംഗങ്ങള്‍ ഒഴിവാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

ഇതാദ്യമായല്ല വിജയുടെ ചിത്രങ്ങള്‍ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വിവാദമാകുന്നത്. 2017 ല്‍ വിജയുടെ മെര്‍സല്‍ എന്ന ചിത്രത്തിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ ജിഎസ്ടി, നോട്ട് നിരോധനം ഡിജിറ്റല്‍ ഇന്ത്യ ക്യാംപയിന്‍ എന്നിവയെ വിമര്‍ശിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. 
 

Follow Us:
Download App:
  • android
  • ios