2010ല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന്‍റെ സീക്വല്‍

തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു 2010ല്‍ പുറത്തിറങ്ങിയ തമിഴ്‍പടം. തമിഴ് സിനിമയുടെ വളര്‍ച്ചാ വഴികളില്‍ പ്രേക്ഷകരെ ചെടിപ്പിച്ച ക്ലീഷേകളെയൊക്കെ പരിഹാസരൂപേണ അവതരിപ്പിച്ച ചിത്രത്തിലൂടെ സി.എസ്.അമുദന്‍ എന്ന സംവിധായകനെയും കോളിവുഡിന് ലഭിച്ചു. പ്രഖ്യാപിച്ച സമയം മുതല്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായ തമിഴ്‍പടം 2നും വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചു. ബിഗ് ബജറ്റ് പ്രൊജക്ടുകളൊക്കെ പ്രചരണത്തിനായി വന്‍ തുക മുടക്കുമ്പോള്‍ ചിത്രത്തിന്‍റെ സ്വഭാവം പോലെ സ്പൂഫ് രീതിയില്‍ വലിയ മുടക്കില്ലാതെതന്നെ അണിയറക്കാര്‍ തങ്ങളുടെ പുതിയ സിനിമയെ മാര്‍ക്കറ്റ് ചെയ്തു. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും അങ്ങനെതന്നെ.

മെര്‍സല്‍, മങ്കാത്ത, വിക്രം വേദ, തുപ്പരിവാലന്‍ തുടങ്ങി വെറും 41 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രങ്ങളെയും അതിന്‍റെ നായകന്മാരായ താരങ്ങളെയും ട്രോള്‍ ചെയ്യുന്നുണ്ട്. എന്തിനേറെ തമിഴ്‍നാട് ഉപമുഖ്യമന്ത്രി ഒ.പണ്ണീര്‍സെല്‍വം വരെ പരാമര്‍ശിക്കപ്പെടുന്നുണ്ട് വീഡിയോയില്‍. വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശിവ, ദിഷ പാണ്ഡെ, ഐശ്വര്യ മേനോന്‍, സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈയില്‍ തീയേറ്ററുകളിലെത്തുമെന്ന് കരുതപ്പെടുന്നു.