സംഭവത്തെക്കുറിച്ച് മുന്‍പും പറഞ്ഞിട്ടുണ്ടെങ്കിലും നടന്‍ പടേക്കറാണെന്ന് കഴിഞ്ഞ ദിവസമാണ് തനുശ്രീ വെളിപ്പെടുത്തിയത്. തനുശ്രീയെ പിന്തുണച്ച് ബോളിവുഡ് എത്തുമ്പോഴാണ് കൂടുതല്‍ ശക്തമായി വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നത്

മുംബൈ: നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സിനിമ സെറ്റില്‍വെച്ച് പടേക്കര്‍ ഉപദ്രവിച്ചെന്നും ഇതില്‍ പ്രതിഷേധിച്ച് സിനിമയില്‍ നിന്നു പിന്മാറിയപ്പോള്‍ തനിക്കും കുടുംബത്തിനും നേരേ ആക്രമണമുണ്ടായിയെന്നുമായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. 2009ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റിലായിരുന്നു സംഭവം. 

സംഭവത്തെക്കുറിച്ച് മുന്‍പും പറഞ്ഞിട്ടുണ്ടെങ്കിലും നടന്‍ പടേക്കറാണെന്ന് കഴിഞ്ഞ ദിവസമാണ് തനുശ്രീ വെളിപ്പെടുത്തിയത്. തനുശ്രീയെ പിന്തുണച്ച് ബോളിവുഡ് എത്തുമ്പോഴാണ് കൂടുതല്‍ ശക്തമായി വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നത്. പടേക്കര്‍ക്കൊപ്പം ഇഴുകി ചേര്‍ന്നഭിനയിക്കാന്‍ മടിച്ചതിനാലാണ് ആക്രമണമുണ്ടായത്. സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങി പോകുന്നതും, നടിയും കുടുംബവും കാറിലിരിക്കുമ്പോള്‍ ഒരു സംഘം വന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. 

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അംഗങ്ങളാണിവരെന്നും തനുശ്രീ പറഞ്ഞു. തനുവിന് പിന്തുണയുമായി പത്രപ്രവര്‍ത്തക ജാനിസ് സെക്യൂറ രംഗത്തു വന്നു. സംഭവം നടക്കുമ്പോള്‍ ജാനിസ് സെറ്റിലുണ്ടായിരുന്നു. ഇതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ജാനിസ് പറഞ്ഞു. റിമ സെന്‍, പ്രിയങ്ക ചോപ്ര, സോനം കപൂര്‍, പരിനീതി ചോപ്ര, ട്വിങ്കിള്‍ ഖന്ന, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങി നിരവധിപ്പേരാണ് തനുശ്രീക്ക് പരസ്യ പിന്തുണയുമായി വന്നത്.