കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ 'ടീം ഫൈവ്' റിലീസായി രണ്ടുദിവസമായിട്ടും ചിത്രത്തിന്‍റെ പോസ്റ്റര്‍ വിതരണക്കാരുടെ സംഘടന പതിച്ചില്ലെന്ന് നിര്‍മാതാവ് രാജ് സഖറിയാസും സംവിധായകന്‍ സുരേഷ് ഗോവിന്ദും വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. അച്ചടിച്ച ഏഴുലക്ഷത്തിന്‍റെ പോസ്റ്റര്‍ കരാര്‍ പ്രകാരം പതിക്കാന്‍ വിതരണക്കാരുടെ സംഘടന ബാധ്യസ്ഥരാണ്.
8.50 രൂപ തോതില്‍ ഇതിനുള്ള പണവും മുന്‍കൂര്‍ നല്‍കിയെന്ന് നിര്‍മാതാവ് പറഞ്ഞു.സിനിമയെ ഒതുക്കാനുള്ള ശ്രമത്തിന് പിന്നില്‍ ലോബിയുള്ളതായി സംശയിക്കുന്നു. പോസ്റ്റര്‍ ഒട്ടിക്കാത്തതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ മഴമൂലമാണെന്നായിരുന്നു വിതരണക്കാരുടെ സംഘടന ഭാരവാഹികള്‍ പറഞ്ഞത്. എന്നാല്‍, മറ്റ് സിനിമകളുടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. നിര്‍മാതാവിനോ മറ്റാര്‍ക്കോ പോസ്റ്റര്‍ പതിക്കാന്‍ അധികാരമില്ല. അസോസിയേഷനാണ് അത് ചെയ്യേണ്ടത്. തമിഴിലും തെലുങ്കിലും ഈ സിനിമ പുറത്തിറക്കിയിട്ടുണ്ട്.
അവിടെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. മൂന്നരക്കോടി ചെലവില്‍ പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയെടുത്ത ചിത്രമാണിത്. മലയാള സിനിമയെടുക്കുന്നത് ട്രെയിനിന് മുന്നില്‍ തലവെക്കുന്നതിന് തുല്യമാണെന്ന് രാജ് സഖറിയാസ് പറഞ്ഞു. തന്റെ ആദ്യത്തെ സിനിമക്ക് ഇങ്ങനെ സംഭവിച്ചതില്‍ നിരാശയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
