കൊൽക്കത്ത: അനുഷ്ക ശർമ്മ നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ‘പാരി’യുടെ ലൊക്കേഷനിൽ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ഷാ ആലം (28) ആണ് മരിച്ചത്. കൊൽക്കത്തയിലെ സൗത്ത് 24 പർഗാന ജില്ലയിൽ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
കോറോൾബെറിയയിൽ ആണ് അപകടം. ഔട്ട്ഡോർ ഷൂട്ടിങിന് ശേഷം മുളച്ചെടികള്‍ക്കിടയിലൂടെയിട്ട ഇലക്ട്രിക് വയറുകൾ നീക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോക്കേറ്റ ഉടൻ തന്നെ ആലത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു.
അനുഷ്ക ശർമ്മ പ്രധാനറോളിലെത്തുന്ന പാരി പ്രോസിത് റോയിയാണ് സംവിധാനം ചെയ്യുന്നത്. മിസ്റ്റീരിയസ് ലവ് സ്റ്റോറി എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ 2017 ജൂണിലാണ് തുടങ്ങിയത്. 2018 ഫെബ്രുവരിയില്‍ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് അപകടം.
