ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലൗവ് റിലീസിന് മുന്‍പ് തന്നെ തരംഗമായിരിക്കുകയാണ്. ചിത്രത്തിലെ മാണിക്യ മലരായി എന്ന ഗാനം ഒറ്റരാത്രികൊണ്ട് തന്നെ സൂപ്പര്‍ഹിറ്റായതോടെ ഇതിലെ താരങ്ങളും സൈബര്‍ ലോകത്ത് താരങ്ങളായി.

മോളിവുഡും, കോളിവുഡും, ടോളിവുഡും കടന്ന് ബോളിവുഡ് വരെ നായിക പ്രിയ വാര്യര്‍ എത്തി. ഇന്‍സ്റ്റഗ്രാമിലും താരം പ്രിയ തന്നെയാണ്. ഇപ്പോഴിതാ ചിത്രം മൊഴിമാറ്റ പതിപ്പിനായി സിനിമാ ലോകത്ത് നിര്‍മാതാക്കളുടെ പിടിവലിയാണ്. സിനിമയുടെ തമിഴ്, തെലുങ്ക് മൊഴിമാറ്റത്തിനായി പ്രമുഖ കമ്പനികള്‍ അഡാറ് ലൗവിന്റെ നിര്‍മാതാവിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം രണ്ട് കോടി രൂപയാണ് ഡബ്ബിംഗ് അവകാശത്തിനായി പറയുന്നതെന്നും വാര്‍ത്തകളുണ്ട്. ചിത്രം നിര്‍മിക്കുന്നത് ഔസേപ്പന്‍ വാളക്കുഴിയാണ്. ദിലീപ് നായകനായ കിംഗ് ലയറും ഔസേപ്പച്ചനാണ് നിര്‍മിച്ചത്.