ഇന്ത്യന്‍ സിനിമയ്ക്ക് ബയോപിക്കുകളോടുള്ള പ്രിയം അടുത്തകാലത്ത് വര്‍ധിച്ചിട്ടുണ്ട്. അതില്‍ത്തന്നെ രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്ര ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതില്‍ കൂടുതലും. തെലുങ്കില്‍ എന്‍ടിആറിന്റെയും വൈഎസ്ആറിന്റെയുമൊക്കെ ബയോപിക്കുകള്‍ പുറത്തിറങ്ങാനിരിക്കുന്നു. വലിയ ഹൈപ്പുമായെത്തുന്ന മറ്റൊരു പൊളിറ്റിക്കല്‍ ബയോപിക് ബോളിവുഡിലും മറാഠിയിലുമായാണ്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന 'താക്കറെ'യാണ് ചിത്രം. ഹിന്ദിയിലും മറാഠിയിലുമായി പുറത്തുവരാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി.

'റെഗെ' എന്ന മറാഠി ചിത്രം ഒരുക്കിയ അഭിജിത്ത് പന്‍സെ സംവിധാനം ചെയ്യുന്ന 'താക്കറെ'യില്‍ ശിവസേനാ സ്ഥാപകനായി എത്തുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. നവാസുദ്ദീന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാകുമെന്നുള്ള വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് ട്രെയ്‌ലര്‍. ചിത്രത്തില്‍ താക്കറെയുടെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് അമൃത റാവുമാണ്. മാധ്യമപ്രവര്‍ത്തകനും എംപിയുമായ സഞ്ജയ് റൗത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും.