സാധാരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം മത്സരത്തിനിറങ്ങാന്‍ പോവുകയാണെന്ന് വിജയ് പറഞ്ഞത് കയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്
ചെന്നൈ: തന്‍റെ പുതിയ ചിത്രമായ സര്‍ക്കാറിന്‍റെ ഓഡിയോ റിലീസിനിടെ നടന്‍ വിജയ് നടത്തിയ പ്രസംഗം വൈറലാകുന്നു. 'എന്റെ നെഞ്ചില്‍ എപ്പോഴുമുള്ള സ്‌നേഹിതരെ' എന്ന് ആരാധകരെ വിശേഷിപ്പിച്ചാണ് വിജയ് പ്രസംഗം തുടങ്ങിയത്. പിന്നാലെ സിനിമയെക്കുറിച്ച് സംസാരിച്ചു. റഹ്മാന്‍ സംഗീതം നല്‍കിയതോടെ സര്‍ക്കാരിന് ഓസ്‌കാര്‍ ലഭിച്ചതു പോലെയാണെന്ന് വിജയ് പറഞ്ഞു.
സാധാരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം മത്സരത്തിനിറങ്ങാന്‍ പോവുകയാണെന്ന് വിജയ് പറഞ്ഞത് കയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. താന്‍ സിനിമയെക്കുറിച്ച് മാത്രമാണ് ഇത് പറഞ്ഞതെന്നും താരം വ്യക്തമാക്കി.
മുഖ്യമന്ത്രിയായിട്ടാണോ സിനിമയിലെത്തുന്നതെന്ന് അവതാരകന്‍ പ്രസന്ന ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി. 'ജീവിതത്തില്‍ ശരിക്കും മുഖ്യമന്ത്രി' ആയാലോ എന്ന ചോദ്യത്തിന് 'മുഖ്യമന്ത്രി ആയാല്‍ അഭിനയിക്കില്ല' എന്നായിരുന്നു വിജയുടെ മാസ് മറുപടി. മുഖ്യമന്ത്രി ആയാല്‍ മാറ്റണമെന്നു വിചാരിക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് 'അഴിമതി' എന്ന് താരം പറഞ്ഞു.
അതു മാറ്റുക എളുപ്പമല്ല. വൈറസ് പോലെ അത് പടര്‍ന്നു പിടിച്ചു കഴിഞ്ഞു പക്ഷേ അത് മാറ്റിയെ പറ്റൂ എന്നും വിജയ് പറഞ്ഞു. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ കൈക്കൂലി വാങ്ങാതിരുന്നാല്‍ താഴെക്കിടയിലുള്ളവരും കൈക്കൂലി വാങ്ങില്ല. ഒരു നേതാവ് നല്ലതായിരുന്നാല്‍ ഓട്ടോമാറ്റിക് ആയി ആ പാര്‍ട്ടിയും നല്ലതാവുമെന്നും വിജയ് പറഞ്ഞു. എന്തായാലും തമിഴ് നാട്ടില്‍ തരംഗമായിരിക്കുകയാണ് പ്രസംഗം.
