മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക, കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. 

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'എമ്പുരാനെ' മറികടന്ന് മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറിയിരിക്കുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക'. റിലീസ് ചെയ്ത് ഇരുപത്തിനാല് ദിവസങ്ങൾ കൊണ്ടാണ് എമ്പുരാന്റെ ആഗോള കളക്ഷൻ റെക്കോർഡ് ലോക മറികടന്നത്. ഇപ്പോഴിതാ ലോകയുടെ ഈ വലിയ നേട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരണമറിയിച്ചിരിക്കുകയാണ് സംവിധായകൻ ഡൊമിനിക് അരുൺ. മറ്റ് ഭാഷകളിലെ പ്രേക്ഷകര്‍ക്കിടയിലും സിനിമ ചര്‍ച്ചയാകുക എന്നത് ഏതൊരു ഫിലിം മേക്കറുടെയും ആഗ്രഹമാണ് എന്നാണ് ഡൊമിനിക് അരുൺ പറയുന്നത്.

"തീർച്ചയായും പ്രൊഡ്യൂസർ ചെലവഴിച്ച പണം തിരികെ കിട്ടണം എന്ന അതിയായ ആഗ്രഹം നമുക്കുണ്ട്, അതോടൊപ്പം തന്നെ സിനിമ സംസാരിക്കുന്നതാണ് കുറച്ചുകൂടെ എക്സൈറ്റ്മെന്റ് തരുന്നത്. സിനിമ കണ്ട് ആൾക്കാർ അതിന്റെ ഫീഡ് ബാക്ക് തരുന്നതും, സിനിമ വീണ്ടും കാണുന്നതും, ചെറിയ ചെറിയ ഡീറ്റെയിൽസിനെ കുറിച്ചൊക്കെ വിളിച്ച് സംസാരിക്കുന്നതുമൊക്കെ ഭയങ്കരമായ സന്തോഷം തോന്നുന്നുണ്ട്. ഒരു ഹാപ്പി സ്പേസിലാണ് ഇപ്പോൾ. ഏതൊരു ഫിലിം മേക്കറുടെയും ആഗ്രഹമാണ് മറ്റ് ഭാഷകളിലെ പ്രേക്ഷകര്‍ക്കിടയിലും സിനിമ ചര്‍ച്ചയാകുകയെന്നത്, ഇത്രയും നമ്മൾ പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അതൊക്കെ കാണുമ്പോൾ സന്തോഷം. നമ്മളെ സ്വാധീനിച്ചിട്ടുള്ള മറ്റ് ഭാഷകളിലെ ഫിലിം മേക്കേഴ്‌സ് നമ്മുടെ ചെറിയ സിനിമ മറ്റേതോ സ്ഥലത്തിരുന്ന് കാണുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്." ഡൊമിനിക് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം

അതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക, കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു. ചിത്രത്തിൻറെ അടുത്ത ഭാഗം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചാത്തന്മാരുടെ കഥയാണ് പറയുന്നത്. ലോക ആദ്യ ഭാഗം അവസാനിക്കുന്നത് ചാത്തന്റെ ഇൻട്രോയോട് കൂടിയാണ്.

YouTube video player