രാജ്യത്ത്  പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍. ചിത്രത്തില്‍ മൻമോഹൻ സിംഗിനെ അവതരിപ്പിക്കുന്നത് അനുപം ഖേര്‍ ആണ്. ചിത്രം നിരോധിക്കണമെന്ന് ആവശ്യവുമുയര്‍ന്നിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ച് മറ്റൊരു വിവാദം ഉയര്‍ന്നിരിക്കുകയാണ്. സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്‍തതെന്നാണ് റിപ്പോര്‍ട്ട്.

അനുപം ഖേര്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ട്രെയിലര്‍ അമ്പതാം സ്ഥാനത്ത് പോലും ഇല്ല. കഴിഞ്ഞ ദിവസം ട്രെൻഡിംഗില്‍ ഒന്നായിരുന്നുവെന്നാണ് അനുപം ഖേര്‍ പറയുന്നത്. കോണ്‍ഗ്രസിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി ഇറക്കുന്ന സിനിമ എന്ന്  ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് മാറ്റിയതും വൻ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.  വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മൻമോഹൻ സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്.