അടുത്തിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ബാലതാരമാണ് ഗപ്പിയിലെ നായകനായി അഭിനയിച്ച ചേതന്‍. ഇപ്പോഴിതാ ചേതന്റെ മറ്റൊരു തകര്‍പ്പന്‍ പ്രകടനവുമായി ഒരു ഷോര്‍ട് ഫിലിമും യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. ദി ബിയോണ്ട് എന്ന ഷോര്‍ട് ഫിലിമാണ് യൂട്യൂബില്‍ കയ്യടി നേടുന്നത്. നിരവധി ചലച്ചിത്രമേളകളില്‍ പുരസ്‍കാരങ്ങള്‍ നേടിയ ഹ്രസ്വ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ബിജു മട്ടന്നൂര്‍ ആണ്.

ഒരു ചെരുപ്പുകുത്തിയുടെ മകനായിട്ടാണ് ചേതന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഫുട്ബോള്‍ ഏറെ ഇഷ്‍ടപ്പെടുന്ന കുട്ടി ഒരു ഷൂ സ്വന്തമായി വേണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ ദരിദ്രമായ സാഹചര്യമാണ് അവന്റേത്. ഒരു ഷൂ സ്വന്തമാക്കാനുള്ള അവന്റെ ശ്രമമാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സ്നേഹത്തിനപ്പുറം നന്മകള്‍ പൂക്കുന്നുവെന്ന് അടിവരയിടുന്നതാണ് ചിത്രം. എം ഷാഹുല്‍ ഹമീദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.