ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ നാല് പേര്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ 19-ാം ദിവസം സംഭവബഹുലമായിരുന്നു. അനൂപ് ചന്ദ്രന്‍ ജഡ്‍ജിയായ സാങ്കല്‍പ്പിക കോടതിയ്ക്ക് മുന്നിലേക്ക് വന്ന വിവിധ മത്സരാര്‍ഥികളെക്കുറിച്ചുള്ള പരാതികളില്‍ വാദം കേട്ട് വിധി പറയുന്നത് ഇന്നും തുടര്‍ന്നു. അതില്‍ രസകരമായൊരു ശിക്ഷ ലഭിച്ചത് സാബുവിനാണ്. ചായത്തില്‍ മുക്കിയ മൂക്ക് കൊണ്ട് കടലാസില്‍ 'ക്ഷ' എന്ന് എഴുതുക എന്നതായിരുന്നു സാബുവിന് നല്‍കിയ ശിക്ഷ.

'മസാജിംഗ് പാര്‍ലര്‍ നടത്തിപ്പുകാരി'യായ ഹിമ ശങ്കറിന്‍റെ തൊഴില്‍ വൈദഗ്ധ്യത്തെ പരിഹസിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നുമായിരുന്നു സാബുവിനെതിരായ 'കുറ്റം'. അനൂപ് ചന്ദ്രന്‍ അവതരിപ്പിച്ച ജഡ്‍ജിയുടെ ചോദ്യത്തിന് മറുപടിയായി താന്‍ മലേഷ്യയടക്കമുള്ള പല വിദേശരാജ്യങ്ങളിലും പോയി മസാജിംഗ് നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇവിടെ സര്‍വ്വീസ് മോശമായെന്നും സാബു സാങ്കല്‍പിക കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ സ്ത്രീത്വത്തെ അവഹേളിച്ചു എന്ന കുറ്റത്തിന് സാബുവിന് 'ശിക്ഷ' നല്‍കുകയായിരുന്നു അനൂപ് ചന്ദ്രന്‍റെ ജഡ്‍ജി.

അതേസമയം നാളെയും മറ്റന്നാളുമുള്ള എപ്പിസോഡുകളില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടും. നാല് പേരാണ് ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റിലുള്ളത്. അനൂപ് ചന്ദ്രന്‍, സാബുമോന്‍, ഹിമ ശങ്കര്‍, ശ്രീലക്ഷ്മി എന്നിവരാണ് അവര്‍. ഇവരിലൊരാള്‍ ഈയാഴ്ച പുറത്താകുമെന്നാണ് കരുതപ്പെടുന്നത്.