ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഷങ്കര്‍ ഒരുക്കുന്ന 2.0. രജനികാന്ത് നായകനാകുന്ന ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമാണ്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വെള്ളിത്തിരയിൽ വിസ്മയക്കാഴ്ചകൾ നിറയ്ക്കാൻ ' ചിട്ടി റോബോ ' ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനങ്ങളുടെ മുഴുവൻ മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് ടെലികോം കമ്പനികളോട് പ്രതികാരം തീർക്കുന്ന ' ക്രോവ് മാനാ'യി അക്ഷയ് കുമാര്‍ വേഷമിടുന്നു. ചിട്ടി റോബോട്ടും ക്രോവും തമ്മിലെ സംഘട്ടന രംഗങ്ങളുമായെത്തിയ ട്രെയിലറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം 29 നാണ് റിലീസ് ചെയ്യുക.

ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.