കാത്തിരിപ്പിനൊടുവിൽ ഹോളിവുഡ് ചിത്രം ദ മമ്മി എത്തുന്നു. ടോം ക്രൂസ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന് ആവേശകരമായ വരവേൽപ്പാണ് ന്യൂയോർക്കിൽ കിട്ടിയത്.
ഹൊററും ആക്ഷനും ഫാൻറസിയും ഇഴചേരുന്ന മമ്മി ചിത്രങ്ങളെ എല്ലാ കാലത്തും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പുതിയ മമ്മിയും ചരിത്രം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ. അത്യാധുനിക സാങ്കേതികയുടെ മികവിൽ വിസ്മയക്കാഴ്ചകളുമായിട്ടാണ് ക്രൂസും സംഘവും എത്തുന്നത്. അലക്സ് കുറ്റ്സ്മാൻ സംവിധാനം ചെയ്ത സിനിമയുടെ അണിയറക്കാഴ്ചകൾ റിലീസിന് മുൻപ് തന്നെ ആരാധകരെ ത്രില്ലടിപ്പിച്ചു കഴിഞ്ഞു.
ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാകാതെ മരിച്ച ഒരു രാജകുമാരിയിലൂടെ ആണ് ഇവിടെ മമ്മിയുടെ പുനർജനനം. പരമ്പരയിൽ ആദ്യമായി ഒരു സ്ത്രീകഥാപാത്രം പ്രധാന മമ്മിയായി എത്തുന്നു. അൾജീരിയൻ തെരുവുനർത്തകി സോഫിയ ബോഷെല്ല ആണ് എല്ലാവരും ഉറ്റുനോക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്..
1932ൽ ആണ് ആദ്യ മമ്മി ചിത്രം റിലീസാകുന്നത്. ഇത് പതിനാലാമത്തെ സിനിമ. ഇതുവരെ പുറത്തിറങ്ങിയ മമ്മി ചിത്രങ്ങൾക്കും അണിയറക്കാർക്കും ഉള്ള സമർപ്പണമാണ് പുതിയ മമ്മി എന്ന് നായകൻ ക്രൂസ്. പ്രത്യേകപ്രദർശനത്തിനായി ന്യൂയോർക്കിൽ സഹതാരങ്ങൾക്കൊപ്പം എത്തിയ സൂപ്പർതാരം, സിനിമ പുത്തൻ അനുഭവമാകുമെന്ന ഉറപ്പ് നൽകുന്നു..
മമ്മി എന്നറിയപ്പെടുന്ന ശവക്കല്ലറ ഭൂമിയിൽ നിന്ന് അടർത്തിമാറ്റുന്നിടത്താണ് കഥ തുടങ്ങുന്നത്. സിനിമക്ക് വേണ്ടി കൃത്രിമഗുരുത്വാകർഷണം ഉണ്ടാക്കിയതും, ഡ്യൂപ്പില്ലാതെ ക്രൂസും നായിക അനബെൽ വാലിസും അതിസാഹസികരംഗങ്ങൾ അവതരിപ്പിച്ചതുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. എല്ലാം നേരിട്ടറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. വെള്ളിയാഴ്ച മമ്മി ലോകമെമ്പാടും റിലീസ് ചെയ്യും.
കാത്തിരിപ്പിനൊടുവിൽ ദ മമ്മി എത്തുന്നു
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos
