സംഘടനയ്‌ക്ക് പുറത്തുള്ള നിര്‍മാതാക്കളുടെ സിനിമകള്‍ ഉപയോഗിച്ച് തീയേറ്ററുകള്‍ ഓടിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. മകളുടെ തമിഴ് ചിത്രത്തിന് നേട്ടമുണ്ടാക്കാനുള്ള നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെ ഗൂഢ ലക്ഷ്യമാണ് സമരം നീട്ടിക്കൊണ്ടുപോകാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീയേറ്റര്‍ ഉടമകള്‍ വിളിച്ച യോഗം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

നാളെ മുതല്‍ ഇപ്പോല്‍ കളിക്കുന്ന മുഴുവന്‍ സിനിമകളും പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നു. ബദല്‍ സംവിധാനം ഒരുക്കി ഇത് നേരിടുകയാണ് തീയേറ്റര്‍ ഉടമകളും. സിനിമ നല്‍കാന്‍ തയ്യാറായി സംഘടനകള്‍ക്കു പുറത്തുള്ള നിര്‍മാതാക്കളും വിതരണക്കാരും മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറയുന്നു. ഈ സിനിമകള്‍ ഉപയോഗിച്ച് ര്‍തീയേറ്ററുകള്‍ ഓടിക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 
കീര്‍ത്തി സുരേഷ് നായികയായ തമിഴ് ചിത്രം ഭൈരവി ജനുവരി രണ്ടാം വാരം റിലീസ് ചെയ്യും. തന്റെ മകളുടെ സിനിമക്ക് പരമാവധി തീയേറ്ററുകള്‍ കിട്ടാന്‍ വേണ്ടി നിര്‍മാതാക്കളുടെ സംഘടന പ്രസിഡന്റായ സുരേഷ് കുമാറിന്റെ അജണ്ടയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും ബഷീര്‍ ആരോപിക്കുന്നു.