തീവണ്ടി കൂടാതെ മറ്റ് നാല് സിനിമകളാണ് ഓണത്തിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്.

പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ച ഓണച്ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തുന്നു. ഇതിന് തുടക്കം കുറിച്ച് ടൊവീനോ തോമസ് നായകനായ തീവണ്ടി അടുത്ത വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. നേരത്തേ ഫിലിം ചേംബര്‍ യോഗം ചേര്‍ന്നാണ് ഓണത്തിന് തീയേറ്ററുകളിലെത്താനിരുന്ന ചിത്രങ്ങളുടെ പുതിയ റിലീസ് തീയ്യതികള്‍ തീരുമാനിച്ചത്. തീവണ്ടി നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമ പുതിയ റിലീസ് തീയ്യതി സ്ഥിരീകരിച്ചു.

നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചെയിന്‍ സ്‌മോക്കര്‍ കഥാപാത്രമാണ് ടൊവീനോയുടെ നായകന്‍. വിനി വിശ്വലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. കൈലാസ് മേനോന്‍ സംഗീതം. പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

തീവണ്ടി കൂടാതെ മറ്റ് നാല് സിനിമകളാണ് ഓണത്തിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതു-മമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, റഫീക്ക് ഇബ്രാഹിം-ബിജു മേനോന്‍ ടീമിന്റെ പടയോട്ടം എന്നിവ. ഈ ചിത്രങ്ങള്‍ തീവണ്ടി റിലീസിന് പിന്നാലെ വരും വാരങ്ങളില്‍ തീയേറ്ററുകളിലെത്തും.