കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തീവ്രം എന്ന ചിത്രത്തിന്‍റെ തമിഴ് ഡബ്ബിങ്ങ് പതിപ്പിനെച്ചൊല്ലി സംവിധായകനും, നിര്‍മ്മാതാവും തുറന്നപോരിലേക്ക്. 2012 ഇറങ്ങിയ ദുല്‍ഖറിന്‍റെ മൂന്നാമത്തെ സിനിമയായിരുന്നു തീവ്രം. ഒരു പ്രതികാര കഥ പറയുന്ന ചിത്രം എന്നാല്‍ തിയറ്ററുകളില്‍ കാര്യമായ ചലനം ഉണ്ടാക്കിയില്ല.

എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവ് ആത്തിരം എന്ന പേരില്‍ തമിഴ് ഡബ്ബിങ്ങ് അവകാശം വിറ്റതാണ് സംവിധായകന്‍ രൂപേഷ് പീതാംബരനെ ചൊടിപ്പിച്ചത്‍. തമിഴിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ സിനിമയുടെ നിലവാരം നഷ്ടപ്പെട്ടുവെന്ന് രൂപേഷ് ആരോപിച്ചു. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രം തമിഴിലേക്ക് ഡബ്ബ് ചെയ്തത്. നിര്‍മ്മാതാവ് വി.സി ഇസ്മായിന്‍റെത് തരംതാണ പ്രവര്‍ത്തിയാണെന്നും രൂപേഷ് ആരോപിച്ചു. 

ഒരു സിനിമ മറ്റൊരു ഭാഷയിലേക്ക് മൊഴി മാറ്റുമ്പോള്‍ സംവിധായകനോടും എഴുത്തുകാരനോടും അനുവാദം ചോദിക്കേണ്ടതാണ്. നിര്‍മ്മാതാവ് ഇതെല്ലാം ലംഘിച്ചു, എന്നാല്‍ ഇതിന്‍റെ പേരില്‍ നിയമനടപടിക്ക് ഇല്ല - രൂപേഷ് പീതാംബരന്‍

അതേസമയം തീവ്രം മോശം സംവിധാനം കൊണ്ട് പരാജയപ്പെട്ട ചിത്രമാണെന്ന് നിര്‍മ്മാതാവ് വി.സി ഇസ്മായില്‍ ആരോപിച്ചു. ചിത്രം തനിക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്നും നിര്‍മ്മാതാവ് പറഞ്ഞു. സിനിമ സാമ്പത്തിക നഷ്ടമായെങ്കിലും താന്‍ രൂപേഷിനോട് മോശമായി സംസാരിച്ചിട്ടില്ല. തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, ചിത്രം മലയാളത്തില്‍ പരാജയമല്ലേ കിട്ടുന്നത് കിട്ടട്ടെ എന്ന് രൂപേഷ് പറഞ്ഞിരുന്നതായും നിര്‍മ്മാതാവ് പറഞ്ഞു